നിയന്ത്രണംവിട്ട കാറിടിച്ച് വഴിയോര കച്ചവടക്കാരന് ഗുരുതര പരിക്കേറ്റു
Sep 14, 2023, 21:44 IST

തിരുവല്ല: തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ പുളിക്കീഴിൽ നിയന്ത്രണംവിട്ട കാറിടിച്ച് വഴിയോര കച്ചവടക്കാരന് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് നാലോടെ പൊടിയാടി ഭാഗത്തുനിന്നും പുളിക്കീഴ് പാലത്തിലേക്ക് കയറുന്ന അപ്രോച്ച് റോഡിലാണ് അപകടം സംഭവിച്ചത്.
വഴിയരികിൽ ചോളം വിൽപന നടത്തുന്ന തമിഴ്നാട് സ്വദേശിക്കാണ് പരിക്കേറ്റത്. ഇയാളെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമിത വേഗതയിൽ മാന്നാർ ഭാഗത്തുനിന്നും എത്തിയ കാർ വഴിയോര കച്ചവടക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം റോഡരികിലെ മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

അപകടത്തിന് പിന്നാലെ ഡ്രൈവർ അടക്കം നാലുപേരും സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഇവർ മദ്യപിച്ച നിലയിലായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പുളിക്കീഴ് പൊലീസ് നടപടി സ്വീകരിച്ചു.