തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ (കെടിയു) വൈസ് ചാൻസലറായി ഡോ. സിസ തോമസ് ഇന്ന് ചുമതലയേൽക്കും. ഇന്നലെയാണ് സിസ തോമസിനെ കെടിയു വിസിയായി ഗവർണർ നിയമിച്ചത്. നിലവിൽ ഡിജിറ്റൽ സർവകലാശാലയുടെ താൽക്കാലിക വിസിയാണ് ഡോ. സിസ തോമസ്.(Dr. Sisa Thomas to take charge as KTU VC today)
സാങ്കേതിക-ഡിജിറ്റൽ സർവകലാശാലാ വിസി നിയമനത്തിൽ ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയെങ്കിലും, ഈ നീക്കത്തിൽ സിപിഐഎമ്മിലും എസ്എഫ്ഐയിലും കടുത്ത എതിർപ്പുയരുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ശക്തമായി എതിർക്കുകയും സമരങ്ങൾ നടത്തുകയും ചെയ്തിരുന്ന സിസ തോമസിനെത്തന്നെ കെടിയു വിസിയായി സ്വീകരിക്കേണ്ടി വരുന്നതാണ് പാർട്ടി ഘടകങ്ങളിലെ എതിർപ്പിന് പ്രധാന കാരണം.
സിസ തോമസ് നേരത്തെ താൽക്കാലിക വിസിയായി ചുമതലയേറ്റപ്പോൾ സിപിഐഎമ്മും പോഷക സംഘടനകളും, പ്രത്യേകിച്ച് എസ്എഫ്ഐ, സർവകലാശാലയിൽ ശക്തമായ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. സർവകലാശാലാ ജീവനക്കാരുടെ സംഘടനകളും തങ്ങളുടെ നേതാക്കളെ ഈ വിഷയത്തിലുള്ള അതൃപ്തി രേഖാമൂലം അറിയിച്ചിട്ടുണ്ട്.
സർവകലാശാലയെ പ്രതിസന്ധിയിലാക്കിയ സമരങ്ങൾക്ക് ശേഷം, ഇപ്പോൾ ഗവർണർക്ക് വഴങ്ങി സിസ തോമസിനെ വിസിയാക്കിയത് പാർട്ടിക്കുള്ളിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. കെടിയു വിസി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേസ് നിലനിൽക്കെയാണ് സർക്കാരും ഗവർണറും തമ്മിൽ സമവായത്തിലെത്തിയതും, സിസ തോമസ് ചുമതലയേൽക്കുന്നതും.