യുവതിയെയും ഭർത്താവിനെയും ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ
Tue, 24 Jan 2023

കോട്ടയം: പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻവശത്ത് യുവതിയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. മുണ്ടക്കയം പാർഥസാരഥി അമ്പലം ഭാഗത്ത് കിഴക്കേമുറിയിൽ വീട്ടിൽ ഷാഹുൽ റഷീദ് (24), ചെളികുഴി ഭാഗത്ത് കിഴക്കേമുണ്ടക്കൽ കെ.ആർ. രാജീവ് (22), കോരുത്തോട് കണ്ണങ്കയം റോഡ് ഭാഗത്ത് പുതുമന്ദിരത്തിൽ വീട്ടിൽ അനന്തു പി.ശശി (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 11ഓടെ മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻവശത്ത് കട്ടപ്പനക്ക് പോകാനായി ബസ് കാത്തുനിന്ന യുവതിയെയും ഭർത്താവിനെയും ഇവർ അക്രമിക്കുകയായിരുന്നു. യുവതിയുടെ കൈയിലിരുന്ന കുഞ്ഞിന്റ്റെ സംസാരം തെറ്റിദ്ധരിച്ച് ഇവർ മൂവരും ചേർന്ന് കയർക്കുകയും ചീത്തവിളിക്കുകയും ഹെൽമറ്റുകൊണ്ട് തലക്ക് അടിക്കുകയുമായിരുന്നു. ഇത് തടയാൻചെന്ന ഭർത്താവിനെ മർദിക്കുകയും കല്ലുകൊണ്ട് തലക്കിടിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് മുണ്ടക്കയം പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടി. എസ്.എച്ച്.ഒ ഷൈൻ കുമാർ എസ്.ഐ രാജേഷ് ആർ, എ.എസ്.ഐമാരായ മനോജ് കെ.ജി, ജോഷി പി.കെ, സി.പി.ഒമാരായ ശരത് ചന്ദ്രൻ, രഞ്ജിത് പി.ടി, ബിജി വി.ജെ, ജോഷി എം.തോമസ്, നൂറുദ്ദീൻ, സുനിത കെ.ജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.