

കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് കാലുകൾ നഷ്ടമായ യാത്രക്കാരന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി. റെയിൽവേ ക്ലെയിംസ് ട്രിബ്യൂണലിന്റെ മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എസ്. മനു സുപ്രധാന വിധി പുറപ്പെടുവിച്ചത്. മാധ്യമപ്രവർത്തകനായ സിദ്ധാർത്ഥ് സമർപ്പിച്ച ഹർജിയിലാണ് ഈ ആശ്വാസവിധി.
യാത്രക്കാരന്റെ അശ്രദ്ധ മൂലം സംഭവിച്ച അപകടമായതിനാൽ നഷ്ടപരിഹാരത്തിന് അർഹതയില്ലെന്നായിരുന്നു റെയിൽവേ ക്ലെയിംസ് ട്രിബ്യൂണലിന്റെ നിലപാട്. എന്നാൽ, റെയിൽവേ ആക്ടിലെ 'സ്വയം വരുത്തിവച്ച പരിക്ക്' (Self-inflicted injury) എന്ന പ്രയോഗം കേവലമായ അശ്രദ്ധയെ കുറിക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
"മനപ്പൂർവ്വമായ ഉദ്ദേശത്തോടെ സ്വയം പരിക്കേൽപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് അത് 'സ്വയം വരുത്തിവച്ച പരിക്ക്' എന്ന ഗണത്തിൽ വരുന്നത്. കേവലമായ അശ്രദ്ധയിൽ സംഭവിക്കുന്ന അപകടങ്ങൾ അത്തരത്തിലുള്ളതല്ല." - ഹൈക്കോടതി വ്യക്തമാക്കി.
2022 നവംബർ 19-നാണ് കൈരളി ടിവിയിലെ മാധ്യമപ്രവർത്തകനായിരുന്ന സിദ്ധാർത്ഥിന് അപകടം സംഭവിക്കുന്നത്. ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ സൂറത്ത് റെയിൽവേ സ്റ്റേഷനിൽ വെള്ളം വാങ്ങാനിറങ്ങിയതായിരുന്നു അദ്ദേഹം. ഇതിനിടെ ട്രെയിൻ എടുത്തു തുടങ്ങുകയും ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീണ് രണ്ട് കാലുകളും അറ്റുപോവുകയുമായിരുന്നു.