

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഇതരസംസ്ഥാന തൊഴിലാളിയുടെ നാല് വയസ്സുകാരനായ മകൻ മരിച്ച സംഭവം കൊലപാതകമാണെന്ന് സംശയം. പശ്ചിമ ബംഗാൾ സ്വദേശിനി മുന്നി ബീഗത്തിന്റെ മകൻ ഗിൽദർ ആണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മയെയും ഇവരുടെ സുഹൃത്തിനെയും കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.
മരിച്ച നിലയിലാണ് കുട്ടിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി പിന്നീട് ഉണർന്നില്ലെന്നാണ് അമ്മ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ കുട്ടിയുടെ ശരീരത്തിൽ കണ്ട അസ്വാഭാവിക പാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പ്രാഥമിക പരിശോധനയിൽ കുട്ടിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. ഇത് ശ്വാസം മുട്ടിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. കസ്റ്റഡിയിലുള്ള മുന്നി ബീഗത്തെയും ഇവരുടെ സുഹൃത്തിനെയും പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ഏതാനും മാസങ്ങളായി കഴക്കൂട്ടം മേഖലയിൽ താമസിച്ച് ജോലി ചെയ്തു വരികയായിരുന്നു ഇവർ. കുട്ടിയുടെ മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.