

തിരുവനന്തപുരം: വക്കം ആങ്ങാവിളയിൽ രണ്ട് ഇരുചക്രവാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. വക്കം കായിക്കര കടവിൽ അബി എന്ന അഫിൻ (24), വക്കം ചാമ്പാവിള സ്വദേശി റപ്പായി എന്ന ശ്രീനാഥ് (22) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം.
നിലയ്ക്കാമുക്ക് ഭാഗത്ത് നിന്നും മൂന്ന് പേർ സഞ്ചരിച്ചിരുന്ന ബുള്ളറ്റും എതിർദിശയിൽ അഫിൻ സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ വക്കം ആങ്ങാവിളയിൽ വെച്ച് നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും പൂർണ്ണമായും തകർന്നു. റോഡിലേക്ക് തെറിച്ചുവീണ നാലുപേർക്കും ഗുരുതരമായി പരിക്കേറ്റു.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ഓടിക്കൂടി നാലുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അഫിന്റെയും ശ്രീനാഥിന്റെയും ജീവൻ രക്ഷിക്കാനായില്ല. ബുള്ളറ്റിൽ ശ്രീനാഥിനൊപ്പം സഞ്ചരിച്ചിരുന്ന മറ്റു രണ്ടുപേർക്കും മാരകമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തിൽ കടയ്ക്കാവൂർ പോലീസ് കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.