പാലക്കാട്: ചിറ്റൂരിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറുവയസ്സുകാരൻ സുഹാന് നാട് വിങ്ങുന്ന ഹൃദയത്തോടെ വിടനൽകി. ഞായറാഴ്ച വൈകുന്നേരത്തോടെ മാട്ടു മന്ത ജുമാ മസ്ജിദിൽ മൃതദേഹം സംസ്കരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് കാണാതായ സുഹാന്റെ മൃതദേഹം 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് വീടിന് സമീപത്തെ കുളത്തിൽ കണ്ടെത്തിയത്.
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം സുഹാൻ പഠിച്ചിരുന്ന റോയൽ നഴ്‌സറി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. പ്രിയപ്പെട്ട കൂട്ടുകാരനെ അവസാനമായി ഒരുനോക്ക് കാണാൻ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് വിദ്യാലയത്തിലേക്ക് എത്തിയത്. തുടർന്ന് വീട്ടിലെ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം കബറടക്കിയത്.
സുഹാന്റേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ശരീരത്തിൽ മറ്റ് മുറിവുകളോ അസ്വാഭാവികതകളോ കണ്ടെത്തിയിട്ടില്ല. ശനിയാഴ്ച ഉച്ചയ്ക്ക് സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നിറങ്ങിയ സുഹാൻ അബദ്ധത്തിൽ കുളത്തിൽ വീണതാകാമെന്നാണ് പോലീസിന്റെ നിഗമനം.
പ്രാഥമിക റിപ്പോർട്ടിൽ മുങ്ങിമരണമാണെന്ന് പറയുമ്പോഴും നാട്ടുകാർ ഇപ്പോഴും ദുരൂഹത ആരോപിക്കുന്നുണ്ട്. കുട്ടി തനിച്ച് അത്രയും ദൂരം നടന്നുപോകാൻ സാധ്യതയില്ലെന്നും, ഈ കുളം നേരത്തെ പരിശോധിച്ചപ്പോൾ കണ്ടെത്താനാകാത്തത് എന്തുകൊണ്ടെന്നും നാട്ടുകാർ ചോദിക്കുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടരുകയാണ്.