Times Kerala

ഇവര്‍ ഡോഗ് സ്‌ക്വാഡിന്റെ അഭിമാനം മുത്തുകള്‍

 
news
 

പത്തനംതിട്ട: എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രധാന വാതിലിനു മുന്‍പില്‍ വലിയൊരു ആള്‍ക്കൂട്ടം ആയിരുന്നു സന്ധ്യയില്‍ കണ്ടത്. നോക്കിയപ്പോള്‍ സ്‌റ്റൈലായി നില്‍ക്കുന്ന 7 മിടുക്കരായ ശ്വാനസംഘം. സ്‌റ്റൈലായി വന്നിട്ട് ട്രെയിനര്‍ പറയുന്നത് അതേപടി അനുസരിക്കുന്ന അനുസരണമുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങളെ കണ്ടപ്പോള്‍ തന്നെ ആളുകള്‍ തടിച്ചുകൂടി.

 സാഷയും സോഞ്ചിയും സാമന്തയും സായയും സീഗോയും റാംബോയും ജാക്കും നമ്പറുകളുമായി അണിനിരന്നപ്പോള്‍ ജനത്തിനും കൗതുകം വര്‍ധിച്ചു. ഡോഗ് സ്‌ക്വാഡ് എഎസ്‌ഐ എസ്. സന്തോഷ് അതോടെ അതീവ സന്തോഷവാനായി. പത്തനംതിട്ട കെ 9 ബറ്റാലിയന്‍ ഡോഗ് സ്‌ക്വാഡാണ് ഇന്നലെ ഇവരെയുംകൊണ്ട് സന്ദര്‍ശകരുടെ മനം കവര്‍ന്നത്. സാഞ്ചിയും സായയും മോഷണം കണ്ടുപിടിക്കുന്നതില്‍ മിടുക്കരാണെങ്കില്‍ സ്‌ഫോടകവസ്തുക്കള്‍ കൃത്യമായി ആയി കണ്ടുപിടിക്കുവാന്‍ സാഷയും സീഗോയും മിടുമിടുക്കരും.

ലഹരി വസ്തുക്കള്‍ കണ്ടുപിടിക്കുന്നതില്‍ റാംബോയും സാമന്തയും അതിസമര്‍ത്ഥരാണ്. രാജേഷ്, സെബാസ്റ്റ്യന്‍, ബെല്‍ രാജ്, അജിത്ത് ജോണ്‍സണ്‍, ലിജോ, ആര്‍. എസ് ശ്യാം രാജ്, ശ്യാം, സുബിന്‍ ദാസ്, ആദര്‍ശ് എന്നിവര്‍ക്കൊപ്പം രാജകീയമായ വരവായിരുന്നു ഇവരുടേത്. ലഹരി കണ്ടെത്തുന്നതില്‍ മിടുക്കനായ റാംമ്പോ ഒളിപ്പിച്ചുവച്ചിരുന്ന ലഹരി വസ്തു കണ്ടെടുത്ത് കൈയടി നേടി. അര മണിക്കൂര്‍ നീണ്ട അഭ്യാസ പ്രകടനത്തിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇനിയുള്ള ദിവസങ്ങളിലും ഡോഗ്‌ഷോ അവതരിപ്പിക്കുന്നുണ്ട്.

 ഏറ്റവുമധികം പ്രായം കൂടുതല്‍ ബോംബ് സ്‌ക്വാഡിലെ സാഷയ്ക്കാണ്. ഒന്‍പത് കഴിഞ്ഞ സാഷ വാഹനത്തില്‍ ഒളിപ്പിച്ചുവെച്ച സ്ഫോടകവസ്തു കണ്ടെടുത്തു. തെളിവ് കണ്ടുകിട്ടിയാല്‍ അവര്‍ അനുസരണയോടെ അവിടെ ഇരിക്കും. അങ്ങനെയാണ് മനസിലാക്കുന്നത്. മറ്റൊരാള്‍ ആഹാരം കൊടുത്താല്‍ കഴിക്കാത്തതും കാണിച്ചു തന്നു. കാണികളില്‍ ഒരാള്‍ ഭക്ഷണം കൊടുത്തു; അത് കഴിച്ചില്ല. എന്നാല്‍ അവരുടെ പരിശീലകര്‍ നല്‍കിയപ്പോള്‍ അവര്‍ അത് അനുസരണയോടെ ഭക്ഷിച്ചു. അഞ്ച് വയസുള്ള സാമന്തയും ഏഴു വയസുള്ള സോഞ്ചിയും അനുസരണയുടെ പര്യായങ്ങളാണ്. പരിശീലകര്‍ പറയുന്നത് അതേപോലെ അനുസരിക്കുകയും കാണികളുടെ കൈയടി നേടിയാണ് അവരും തങ്ങളുടെ വകുപ്പുകളിലേക്ക് മടങ്ങിയത്...

Related Topics

Share this story