കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ നൽകിയ ജാമ്യഹർജി ഹൈക്കോടതി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി. ഹർജിയിൽ മറുപടി നൽകാൻ ജസ്റ്റിസ് അടങ്ങുന്ന സിംഗിൾ ബെഞ്ച് സർക്കാരിന് നിർദ്ദേശം നൽകി. ഡിസംബർ 30ന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.(Sabarimala gold theft case, Govardhan's bail plea to be considered after Christmas vacation)
ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് 400 ഗ്രാമിലധികം സ്വർണ്ണം ലഭിച്ചിരുന്നു. എന്നാൽ ഇത് ശബരിമലയിലെ സ്വർണ്ണമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ പ്രായശ്ചിത്തമായി 10 ലക്ഷം രൂപയുടെ ഡി.ഡിയും 10 പവന്റെ മാലയും ശബരിമലയ്ക്ക് നൽകിയെന്ന് ഹർജിക്കാരൻ വാദിക്കുന്നു. തട്ടിപ്പ് ലക്ഷ്യമായിരുന്നെങ്കിൽ ഇത്രയും വലിയ തുക കൈമാറില്ലായിരുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
അയ്യപ്പഭക്തനായ താൻ 2009 മുതൽ പലപ്പോഴായി 85 ലക്ഷത്തിലധികം രൂപ ശബരിമലയ്ക്ക് സംഭാവന നൽകിയിട്ടുണ്ട്. കട്ടിളപ്പാളിയിൽ പൂശാനുള്ള സ്വർണ്ണവും നൽകിയിരുന്നു. ആകെ ഒന്നരക്കോടിയോളം രൂപ ഇതുവരെ നൽകിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. ബെല്ലാരിയിലെ കടയിൽ നിന്ന് അന്വേഷണസംഘം സ്വർണ്ണക്കട്ടികൾ കസ്റ്റഡിയിലെടുത്തത് ഭീഷണിപ്പെടുത്തിയാണെന്നും ഈ സ്വർണ്ണത്തിന് ശബരിമലയുമായി ബന്ധമില്ലെന്നും ഗോവർദ്ധൻ ആരോപിച്ചു.
ശബരിമലയിൽ നിന്ന് സ്വർണ്ണം കൈക്കലാക്കിയ ശേഷം ഗോവർദ്ധൻ കൈമാറിയ 10 പവൻ സ്വർണ്ണമാല 2021-ൽ ഉണ്ണികൃഷ്ണൻ പോറ്റി മാളികപ്പുറത്ത് സമർപ്പിച്ചിരുന്നു. എന്നാൽ ഇത് ഔദ്യോഗികമായി മഹസ്സറിൽ ഉൾപ്പെടുത്താൻ ദേവസ്വം ബോർഡ് തയ്യാറായിരുന്നില്ല. ബോർഡിനെ അറിയിക്കാതെയാണ് പോറ്റി മാല സമർപ്പിച്ചതെന്നാണ് ഇപ്പോഴത്തെ വിശദീകരണം. കേസിൽ അന്വേഷണം ആരംഭിച്ചതിന് ശേഷം മാത്രമാണ് ഈ മാല രജിസ്റ്ററിൽ ഉൾപ്പെടുത്തിയത് എന്ന കാര്യവും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയെയും ഗോവർദ്ധനെയും പ്രത്യേക അന്വേഷണസംഘം (SIT) അറസ്റ്റ് ചെയ്തിരുന്നു.
ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട കേസുകൾ ഏറ്റെടുക്കാൻ തയ്യാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. നിലവിൽ സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം മന്ദഗതിയിലാണെന്ന കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെയാണ് സി.ബി.ഐയുടെ ഈ നിർണ്ണായക നീക്കം.
കേസിന് അന്തർസംസ്ഥാന ബന്ധങ്ങളുണ്ടെന്നും അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി ഇതിന് കണ്ണികളുണ്ടെന്നുമുള്ള ആരോപണങ്ങൾ ശക്തമാണ്. ഹൈക്കോടതി നിർദ്ദേശിക്കുകയാണെങ്കിൽ കേസ് ഏറ്റെടുക്കുന്നതിൽ തടസ്സമില്ലെന്ന് സി.ബി.ഐ കോടതിയിൽ വ്യക്തമാക്കി. സ്വർണ്ണത്തിന്റെ കാലപ്പഴക്കം നിർണ്ണയിക്കുന്ന എഫ്.എസ്.എൽ റിപ്പോർട്ട് അന്തിമഘട്ടത്തിലാണെന്നും ഏജൻസി അറിയിച്ചു.
കവർച്ചയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. എഫ്.ഐ.ആർ, റിമാൻഡ് റിപ്പോർട്ട് എന്നിവയുടെ പകർപ്പുകൾ വിട്ടുനൽകാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു.
അതേസമയം, ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ റിമാൻഡിലായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മറ്റുള്ളവർ നൽകിയ പണം ഉപയോഗിച്ച് 'സ്പോൺസർ' ചമഞ്ഞാണ് പോറ്റി തട്ടിപ്പുകൾക്ക് ഇടനില നിന്നതെന്നാണ് കണ്ടെത്തൽ. വൻകിട വ്യാപാരികളെയും വ്യവസായികളെയും സ്വാധീനിച്ച് അവരിൽ നിന്ന് പണം വാങ്ങിയായിരുന്നു തട്ടിപ്പ്.
സ്വർണ്ണ വ്യാപാരിയായ ഗോവർദ്ധൻ ഒന്നരക്കോടി രൂപയോളമാണ് പോറ്റി വഴി ശബരിമലയിലേക്ക് നൽകിയത്. കൂടാതെ ചെന്നൈ, ആന്ധ്ര എന്നിവിടങ്ങളിലെ വ്യവസായികളിൽ നിന്നും വലിയ തുകകൾ പോറ്റി വാങ്ങിയിരുന്നു. എന്നാൽ ഈ പണമെല്ലാം കൃത്യമായി ബോർഡിന് നൽകുന്നതിന് പകരം ഉണ്ണിക്കൃഷ്ണൻ പോറ്റി വകമാറ്റി ചെലവഴിച്ചതായാണ് സൂചന. മറ്റുള്ളവർ നൽകിയ പണം പലിശയ്ക്ക് നൽകി പോറ്റി വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കേസിലെ പുതിയ വെളിപ്പെടുത്തലുകൾ വിഗ്രഹ തട്ടിപ്പിലേക്കും വിരൽ ചൂണ്ടുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള 'ഡി മണി' എന്ന സംഘം വിഗ്രഹ തട്ടിപ്പിനായി തിരുവനന്തപുരത്ത് എത്തിയതായി വ്യവസായി മൊഴി നൽകിയിട്ടുണ്ട്. ഒരു വാഹനം നിറയെ പണവുമായാണ് ഈ സംഘം എത്തിയതെന്ന് മൊഴിയിൽ പറയുന്നു.