

2025-ലെ ഇഷ്ടചിത്രത്തെക്കുറിച്ച് പറയുകയാണ് മലയാളികളുടെ പ്രിയ താരം നിവിൻ പോളി. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന 'സർവ്വം മായ'യുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെയാണ് നിവിനും അജു വർഗ്ഗീസും തങ്ങളുടെ സിനിമാ കാഴ്ചകളെക്കുറിച്ച് സംസാരിച്ചത്. 2025-ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് 'ലോക' ആണെന്ന് നിവിൻ പറഞ്ഞു. തിരക്കുകൾ കാരണം സിനിമകൾ കാണുന്നത് കുറവാണെങ്കിലും കണ്ടതിൽ വെച്ച് ഏറ്റവും മികച്ച അനുഭവമായിരുന്നു 'ലോക' എന്ന് താരം കൂട്ടിചേർത്തു.
തനിക്ക് ഈ വർഷം ഏറെ ഇഷ്ടപ്പെട്ട ചിത്രം 'എക്കോ' (Echo) ആണെന്ന് അജു വർഗ്ഗീസ് പറഞ്ഞു. ചിത്രം വളരെ മികച്ചതാണെന്നും തനിക്ക് വ്യക്തിപരമായി നന്നായി ഇഷ്ടപ്പെട്ടുവെന്നും അജു പറഞ്ഞു. 'എക്കോ' ഇതുവരെ കാണാൻ സാധിച്ചിട്ടില്ലെന്നും എന്നാൽ സിനിമയെക്കുറിച്ച് വളരെ നല്ല അഭിപ്രായങ്ങളാണ് കേൾക്കുന്നതെന്നും നിവിൻ പറഞ്ഞു.
നീണ്ട ഇടവേളയ്ക്ക് ശേഷം നിവിൻ പോളി-അജു വർഗ്ഗീസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'സർവ്വം മായ'. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25-ന് തിയേറ്ററുകളിലെത്തും. 'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന സിനിമയായതിനാൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണുള്ളത്.