

തിരുവനന്തപുരം : മെഡിസെപ് പ്രീമിയം തുക വർദ്ധിപ്പിച്ചുകൊണ്ട് ധനവകുപ്പ് ഔദ്യോഗിക ഉത്തരവിറക്കി. ഇൻഷുറൻസ് കമ്പനികളുടെ ആവശ്യവും പദ്ധതിയുടെ സുഗമമായ നടത്തിപ്പും പരിഗണിച്ചാണ് ഈ മാറ്റമെന്നാണ് സൂചന.
പ്രതിമാസം 310 രൂപയുടെ വർദ്ധനവാണ് നിലവിൽ വന്നിരിക്കുന്നത്. ഒരു വർഷം മൊത്തം പ്രീമിയമായി 8,237 രൂപയും ഇതിനു പുറമെ 18% ജിഎസ്ടിയും (GST) ജീവനക്കാർ നൽകേണ്ടി വരും.
ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പെൻഷൻകാരുടെ പ്രതിമാസ പെൻഷനിൽ നിന്നുമാണ് ഈ തുക പിടിക്കുക.പുതുക്കിയ നിരക്ക് പ്രകാരമുള്ള തുക അടുത്ത മാസത്തെ ശമ്പളം/പെൻഷൻ എന്നിവയിൽ നിന്ന് കുറച്ചു തുടങ്ങും.നേരത്തെ പ്രീമിയം തുക വർദ്ധിപ്പിക്കാതെ കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ കഴിയില്ലെന്ന് ഇൻഷുറൻസ് കമ്പനി സർക്കാരിനെ അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് സർക്കാർ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ, ശമ്പള പരിഷ്കരണവും ഡി.എ കുടിശ്ശികയും വൈകുന്ന സാഹചര്യത്തിൽ പ്രീമിയം വർദ്ധിപ്പിച്ചത് ജീവനക്കാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.