ആര്‍ഡിഒയുടെ ഇടപെടലില്‍ വയോധികയ്ക്ക് സംരക്ഷണം

വയോധിക
 

പത്തനംതിട്ട: വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ ബാധിച്ച് മറ്റുളളവരുടെ സഹായം ഇല്ലാതെ ജീവിക്കുവാന്‍ ബുദ്ധിമുട്ടുളള അടൂര്‍ താലൂക്കില്‍ കൊടുമണ്‍ വില്ലേജില്‍ മരുതിക്കോട് പടിഞ്ഞാറ്റേതില്‍ വീട്ടില്‍ ദേവകിയുടെ(75) സംരക്ഷണ ചുമതല അടൂര്‍ മഹാത്മ ജനസേവന കേന്ദ്രത്തെ ഏല്‍പിച്ച് അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള ഉത്തരവായി. ദേവകി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 പ്രകാരമാണ് അടൂര്‍ മെയിന്റനന്‍സ് ട്രൈബ്യൂണലായ അടൂര്‍ ആര്‍ഡിഒ ഉത്തരവ് പുറപ്പെടുവിച്ചത്.  
നാലു മക്കളാണ് ദേവകിക്കുള്ളത്.  നിലവില്‍ ദേവകിയെ സംരക്ഷിച്ചു വന്നിരുന്നത് തൊഴിലുറപ്പ് ജോലി ചെയ്തു ജീവിക്കുന്ന മകളായ ലതയാണ്. വീണ് കാലിന് ഒടിവു പറ്റി നടക്കാന്‍ കഴിയാത്ത അവസ്ഥയിലായതിനാല്‍ മാതാവിനെ സംരക്ഷിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ലത ട്രൈബ്യൂണലിനെ അറിയിച്ചു. മറ്റ് മൂന്ന് മക്കളും ദേവകിയെ സംരക്ഷിക്കുവാന്‍ തയാറായില്ല.  

 ഇതേ തുടര്‍ന്ന് ദേവകിയുടെ നിലവിലെ ആരോഗ്യ സ്ഥിതിയും പ്രായവും കണക്കിലെടുത്ത് പുറപ്പെടുവിച്ച ഉത്തരവു പ്രകാരം  മഹാത്മാ ജനസേവന കേന്ദ്രം  ഡയറക്ടര്‍ രാജേഷ് തിരുവല്ല ആര്‍ഡിഒ ഓഫീസിലെത്തി സംരക്ഷണ ചുമതല ഏറ്റെടുത്തു. മാതാവിനെ സംരക്ഷിക്കാന്‍ ധാര്‍മിക ബാദ്ധ്യതയുള്ള മക്കള്‍ക്കെതിരേ നിയമപ്രകാരമുളള നടപടികള്‍ സ്വീകരിക്കുമെന്നും മെയിന്റനന്‍സ് ട്രൈബ്യൂണലായ അടൂര്‍ ആര്‍ഡിഒ അറിയിച്ചു.

Share this story