

തിരുവനന്തപുരം: തലസ്ഥാനത്ത് സംഘടിപ്പിച്ച മാരത്തോൺ ഓട്ടത്തിനിടയിൽ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം എച്ച്.ഡി.എഫ്.സി ബാങ്ക് സീനിയർ മാനേജരും തിരുവനന്തപുരം പേരൂർക്കട മണ്ണാമൂല സ്വദേശിയുമായ കെ.ആർ. ആഷിക് (47) ആണ് അന്തരിച്ചത്. ഞായറാഴ്ച രാവിലെ ശംഖുമുഖത്ത് നടന്ന 'ഗ്രീൻ മാരത്തൺ എക്സ്പോ'യ്ക്കിടെയായിരുന്നു സംഭവം.(Bank employee collapses and dies during marathon)
21 കിലോമീറ്റർ വിഭാഗത്തിലാണ് ആഷിക് പങ്കെടുത്തത്. ശംഖുമുഖത്ത് നിന്ന് ഓടി വലിയവേളി പള്ളിക്ക് സമീപം എത്തിയപ്പോൾ അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ മാരത്തോൺ സംഘാടകർക്കെതിരെ കടുത്ത പ്രതിഷേധവുമായി മറ്റ് മത്സരാർത്ഥികൾ രംഗത്തെത്തി. മാരത്തോൺ നടന്ന പാതയിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോ മെഡിക്കൽ സഹായമോ ഉണ്ടായിരുന്നില്ലെന്ന് പങ്കെടുത്തവർ ആരോപിച്ചു.