കോഴിക്കോട്: താമരശ്ശേരി പുതുപ്പാടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ബന്ധുവിന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ മുസ്ലിം ലീഗ് പ്രവർത്തകൻ പിടിയിലായി. അമ്പലപ്പടി സ്വദേശി എ.പി. ഷക്കീറിനെയാണ് ബെംഗളൂരുവിൽ വെച്ച് താമരശ്ശേരി പോലീസ് പിടികൂടിയത്.(Explosives thrown at the house of LDF candidate's relative's house, Muslim League worker arrested)
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ നടന്ന യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിനിടയിലാണ് അക്രമം ഉണ്ടായത്. പുതുപ്പാടിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ബന്ധുവിന്റെ വീടിന് നേരെ ഷക്കീർ സ്ഫോടക വസ്തു എറിയുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. സംഭവത്തിന് പിന്നാലെ ഇയാൾ സംസ്ഥാനം വിട്ട് ഒളിവിൽ പോകുകയായിരുന്നു.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ വീടുകൾക്കും പാർട്ടി ഓഫീസുകൾക്കും നേരെ നടന്ന ആക്രമണങ്ങളിൽ നിരവധി പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.