എം.ശിവശങ്കര്‍ ഐഎഎസ് വിരമിക്കുന്നു
Jan 25, 2023, 17:49 IST

തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കര്‍ ജനുവരി 31ന് സർവീസിൽ നിന്നും വിരമിക്കും. ചൊവ്വാഴ്ചയായിരുന്നു അദ്ദേഹം വിരമിക്കേണ്ടിയിരുന്നതെങ്കിലും 31 വരെ അദ്ദേഹത്തിന് തുടരാം. ശിവശങ്കറിന്റെ സ്ഥാനത്തേക്ക് പ്രണബ് ജ്യോതിനാഥിനെ സർക്കാർ ചൊവ്വാഴ്ച നിയമിച്ചിട്ടുണ്ട്. 1995-ലാണ് അദ്ദേഹത്തിന് ഐഎഎസ് ലഭിക്കുന്നത്. പിണറായി വിജയൻ നേതൃത്വം നൽകിയ ഒന്നാം എൽഡിഎഫ് സർക്കാരിൽ നിർണായ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം പിന്നീട് ആരോപണങ്ങളിലും വിവാദങ്ങളിലും ഉൾപ്പെട്ട് ജയിലിലാവുകയായിരുന്നു. സർവീസിന്റെ അവസാന കാലത്ത് സ്പ്രിംക്ലര്‍ കരാര്‍ വിവാദം, ലൈഫ് മിഷന് കോഴ, സ്വര്‍ണക്കടത്ത് തുടങ്ങി നിരവധി ആരോപണങ്ങളില്‍ അദ്ദേഹം കുടുങ്ങി. പിന്നാലെ 2020 ജൂലൈയിൽ അദ്ദേഹം സസ്പെൻഷനിലായി. 17 മാസത്തിന് ശേഷമാണ് പിന്നീട് സർവീസിൽ തിരിച്ചെത്തിയത്. നിലവില്‍ കായിക, യുവജനകാര്യം സെക്രട്ടറിയുടെയും മൃഗസംരക്ഷണവകുപ്പിന്റെയും ചുമതലയാണ് അദ്ദേഹത്തിനുള്ളത്.