Times Kerala

കുഫോസ് വിസി നിയമനം: ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ ഇല്ല, താത്കാലിക സംവിധാനം ഒരുക്കാം, പകരം നിയമനം അന്തിമ വിധിക്ക് വിധേയമാണെന്ന് സുപ്രീം കോടതി

 
312


കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) വൈസ് ചാൻസലറുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി തിങ്കളാഴ്ച വിസമ്മതിച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഡോ.കെ.റിജി ജോൺ സമർപ്പിച്ച ഹർജിയിലാണ് എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ സുപ്രീംകോടതി നിർദേശിച്ചത്.

രണ്ടാഴ്ചയ്ക്ക് ശേഷം കേസ് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിസി സ്ഥാനത്തേക്ക് പകരക്കാരനെ നിയമിച്ചാൽ അത് സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് വിധേയമാകുമെന്ന് വ്യക്തമാക്കി.

ഡോ.റിജി ജോണിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ കെ.കെ.വേണുഗോപാലും ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ രണ്ടാഴ്ചയ്ക്ക് ശേഷം ഹർജി തീർപ്പാക്കാമെന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. ഹർജി അനുവദിച്ചാൽ വിസിയെ തിരിച്ചെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സ്റ്റേ ഇല്ലെങ്കിൽ സർവകലാശാലയുടെ ഭരണം സ്തംഭിക്കുമെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടിയതോടെ സർക്കാരിനും ചാൻസലർക്കും താത്കാലിക സംവിധാനം ഒരുക്കാമെന്ന് കോടതി പറഞ്ഞു.

Related Topics

Share this story