Times Kerala

ഒല്ലൂരിൽ ജൽജീവൻ മിഷൻ പ്രവൃത്തികൾ വേഗത്തിലാക്കണം: മന്ത്രി കെ രാജൻ

 
370

ഒല്ലൂർ നിയോജ മണ്ഡലത്തിലെ മാടക്കത്തറ, പാണഞ്ചേരി, പുത്തൂർ, നടത്തറ ഗ്രാമപഞ്ചായത്തുകളിലെ ജൽജീവൻ മിഷൻ പദ്ധതി എത്രയും വേഗത്തിൽ  പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി റവന്യൂ മന്ത്രി കെ. രാജൻ. ഇതുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് നിർദ്ദേശം നൽകിയത്.

പീച്ചി - വഴാനി കോറിഡോറിന്റെ പണി ആരംഭിക്കുന്നതിന് മുമ്പായി ജൽജീവൻ മിഷൻ പ്രവൃത്തികൾ പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശിച്ചു. പാണഞ്ചേരി, പുത്തൂർ ഗ്രാമപഞ്ചായത്തുകളിൽ പദ്ധതിക്കായി ടാങ്കുകൾ സ്ഥാപിക്കുന്നതിന് ഇപ്പോൾ ലഭ്യമായ സ്ഥലത്തിന്റെ ഉയര കൂടുതൽ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ട്രോപോഗ്രഫിക്കൽ സർവ്വേ വഴി വ്യതിയാനങ്ങൾ പരിഹരിക്കുന്നതിനുള്ള സങ്കേതിക സാധ്യതകൾ അന്വേഷിക്കുന്നതിന് വിദഗ്ധ സംഘം ഇന്ന് (വ്യാഴാഴ്ച്ച) സ്ഥലം പരിശോധിക്കും. ടെൻഡർ നടപടികൾ വേഗത്തിൽ സ്വീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി.
 
നടത്തറ ഗ്രാമപഞ്ചായത്തിൽ 2551, മടക്കത്തറ 5664, പാണഞ്ചേരി 8169, പുത്തൂർ 12233 വീടുകളിലേക്ക് ജൽജീവൻ മിഷൻ പദ്ധതിയിലൂടെ ടാപ്പ് കണക്ഷനുകളിൽ കൂടി കുടിവെള്ളം എത്തിക്കാനാണ് പദ്ധതി.
ഒല്ലൂർ നിയോജക മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിൽ പദ്ധതി നടപ്പിലാക്കുന്നതിന് ആകെ ചിലവിൽ 45 ശതമാനം കേന്ദ്ര സർക്കാരും 30 ശതമാത്രം സംസ്ഥാന സർക്കാരും 15 ശതമാനം ഗ്രാമപഞ്ചായത്തും 10 ശതമാനം ഗുണഭോക്താവും വഹിക്കും.

കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിൽ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ജില്ലാ വികസന കമ്മീഷണര്‍ ശിഖ സുരേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ പി പി രവിന്ദ്രൻ, മിനി ഉണ്ണികൃഷ്ണൻ, ശ്രീവിദ്യ രാജേഷ്, ഇന്ദിര മോഹൻ, ജനപ്രതിനിധികൾ, വാട്ടർ അതോറിറ്റി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Topics

Share this story