

പാലക്കാട്: ലക്കിടി ലോക്കൽ കമ്മിറ്റി മുൻ അംഗമായ സുരേന്ദ്രനെ ശനിയാഴ്ച രാത്രിയോടെയാണ് നാലംഗ സംഘം ആക്രമിച്ചത്. കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി സുരേന്ദ്രൻ ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് സംഘം തടഞ്ഞുനിർത്തിയത്. ഇരുമ്പ് പൈപ്പ് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു മർദനം.
കാലങ്ങളായി സിപിഎം കുത്തകയാക്കി വെച്ചിരുന്ന തെക്കുംചെറോട് വാർഡിൽ ഇത്തവണ മുസ്ലീം ലീഗ് സ്ഥാനാർത്ഥിയാണ് വിജയിച്ചത്. പാർട്ടിയുടെ ഈ അപ്രതീക്ഷിത തോൽവിക്ക് പിന്നിൽ സുരേന്ദ്രനാണെന്ന ആക്ഷേപം പ്രാദേശിക സിപിഎം പ്രവർത്തകർക്കിടയിൽ ഉണ്ടായിരുന്നു.
യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ സുരേന്ദ്രൻ സഹായിച്ചു എന്നാരോപിച്ച് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം ഇയാളുമായി തർക്കത്തിലായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
സുരേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച നാലംഗ സംഘത്തെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
സംഭവത്തെത്തുടർന്ന് ലക്കിടി മേഖലയിൽ രാഷ്ട്രീയ സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ പോലീസ് ജാഗ്രത ശക്തമാക്കി.