

പാലക്കാട്: തൃശ്ശൂർ മെഡിക്കൽ കോളേജിൽ കഴിയുന്ന രാംനാരായണന്റെ കുടുംബം തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കും വരെ കേരളത്തിൽ തുടരുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകണം.
പ്രതികൾക്കെതിരെ എസ്‌സി/എസ്ടി (SC/ST) നിയമപ്രകാരം കേസെടുക്കണം.അതുവരെ മൃതദേഹം സംസ്കരിക്കാനായി കൊണ്ടുപോകില്ലെന്ന ഉറച്ച നിലപാടിലാണ് ബന്ധുക്കൾ.
സംഭവത്തിൽ രാഷ്ട്രീയ തർക്കങ്ങളും രൂക്ഷമായിട്ടുണ്ട്. പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ഉന്നയിച്ച പ്രധാന ആരോപണങ്ങൾ അറസ്റ്റിലായവരിലും പ്രതിപ്പട്ടികയിലുള്ളവരിലും 14 പേർ ആർഎസ്എസ് അനുഭാവികളും ഒരാൾ സിപിഎം അനുഭാവിവുമാണെന്ന് അദ്ദേഹം ആരോപിച്ചു.
കൊലപാതകം നടന്നിട്ടും നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചു. പ്രതികളെ സംരക്ഷിക്കാതെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മർദനമേറ്റ് മരിച്ച രാംനാരായണൻ ജോലി തേടിയാണ് കേരളത്തിലെത്തിയത്. വഴിതെറ്റി അട്ടപ്പള്ളത്ത് എത്തിയ ഇയാളെ മോഷ്ടാവാണെന്ന് കരുതി സ്ത്രീകളടക്കമുള്ള ആൾക്കൂട്ടം മർദിക്കുകയായിരുന്നു. കേസിൽ ഇതിനകം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ള ബാക്കി പ്രതികൾക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.