

കൊച്ചി: മലയാറ്റൂർ വനമേഖലയിൽ ചിത്രപ്രിയ കൊല്ലപ്പെട്ട കേസിൽ പ്രതി അലനെ (25) കൃത്യസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
ചിത്രപ്രിയയെ നിലത്തു വീഴ്ത്തിയ ശേഷം 22 കിലോയോളം ഭാരമുള്ള വലിയ കല്ല് തലയിലേക്ക് എറിഞ്ഞാണ് അലൻ മരണം ഉറപ്പാക്കിയത്. കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും സൂചനയുണ്ടായിരുന്നു.
ഈ കൃത്യത്തിന് മുൻപും അലൻ ചിത്രപ്രിയയെ കൊല്ലാൻ ശ്രമിച്ചിരുന്നു. കാലടി പാലത്തിന് മുകളിൽ നിന്ന് പെൺകുട്ടിയെ പുഴയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താനായിരുന്നു അന്നത്തെ ശ്രമമെന്ന് പ്രതി സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.കൊലപാതകത്തിന് ശേഷം പിടിക്കപ്പെടാതിരിക്കാൻ അലൻ അതീവ ജാഗ്രത പുലർത്തിയിരുന്നു. കൃത്യം നടത്തിയ സമയത്ത് ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങളും ഷൂസും മാറി, പുതിയ വേഷത്തിലാണ് ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. ഇവ കണ്ടെത്താനായി തെളിവെടുപ്പ് തുടരുകയാണ്.
സൗഹൃദത്തിൽ നിന്ന് ചിത്രപ്രിയ പിന്മാറാൻ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. വനമേഖലയിലേക്ക് വിളിച്ചുവരുത്തിയാണ് കൃത്യം നടത്തിയത്. പ്രതിയെ വരും ദിവസങ്ങളിൽ കൂടുതൽ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കും.