Description
Digital Voice of Kerala
Wednesday, June 24, 2026

Digital Voice of Kerala
HomeKeralaമുടക്കോഴി മല: പ്രകൃതിയുടെ കാവൽമതിലോ ഖനനത്തിന്റെ ഇരയോ? | Mudakkozhi Mala...

മുടക്കോഴി മല: പ്രകൃതിയുടെ കാവൽമതിലോ ഖനനത്തിന്റെ ഇരയോ? | Mudakkozhi Mala Environmental Crisis

🎙️ Latest Podcast

അൻവർ ഷരിഫ്

കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട്, ചീക്കോട് പുളിക്കൽ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു ഇടനാടൻ കുന്നായ മുടക്കോഴി മല ഇന്ന് ഒരു നിർണായക ചോദ്യത്തിന് മുന്നിലാണ്. പ്രത്യേകിച്ച് വാഴക്കാട് വില്ലേജിലെ ഭാഗം. പ്രകൃതിയുടെ അമൂല്യ സമ്പത്തായ ഈ മല ഭാവിതലമുറകൾക്കായി സംരക്ഷിക്കപ്പെടുമോ, അതോ അനിയന്ത്രിത ഖനന പ്രവർത്തനങ്ങളുടെ ഇരയായി മാറുമോ? (Mudakkozhi Mala Environmental Crisis)

മലകൾ വെറും കല്ലും മണ്ണും നിറഞ്ഞ ഉയർന്ന ഭൂപ്രദേശങ്ങളല്ല. അവ ജലത്തിന്റെ ഉറവിടങ്ങളും ജൈവവൈവിധ്യത്തിന്റെ അഭയകേന്ദ്രങ്ങളും പ്രകൃതിദുരന്തങ്ങൾക്കെതിരായ പ്രതിരോധ കവചങ്ങളുമാണ്. വാഴക്കാട് പ്രദേശത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ മുടക്കോഴി മല വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാൽ നിലവിൽ ഇവിടെ നടക്കുന്ന ചെങ്കൽ ഖനനം മലയുടെ നിലനിൽപ്പിനെയും പരിസ്ഥിതി സുരക്ഷയെയും ചോദ്യം ചെയ്യുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

മുടക്കോഴി മലമുകളിലും ചരിവുകളിലും ചെങ്കൽ കെട്ടുകൾക്കിടയിലും കാണപ്പെടുന്ന ചെറുജീവികൾക്കും ഔഷധസസ്യങ്ങൾക്കും ഈ മല സ്വാഭാവിക ആവാസവ്യവസ്ഥയാണ്. മഴക്കാലത്ത് മലയുടെ മണ്ണും സസ്യാവരണവും വലിയ അളവിൽ വെള്ളം സംഭരിക്കുകയും ഭൂഗർഭജല സ്രോതസ്സുകളെ സമ്പുഷ്ടമാക്കുകയും ചെയ്യുന്നു. സമീപപ്രദേശങ്ങളിലെ കിണറുകളുടെയും ജലസ്രോതസ്സുകളുടെയും നിലനിൽപ്പുമായി മലയുടെ പരിസ്ഥിതി ആരോഗ്യത്തിന് അടുത്ത ബന്ധമുണ്ട്. എന്നാൽ ചെങ്കൽ ഖനനം വ്യാപകമാകുന്നതോടെ ഈ ജൈവവൈവിധ്യം ഭീഷണി നേരിടുകയാണ്. മലയുടെ സ്വാഭാവിക രൂപഭംഗി നഷ്ടപ്പെടുന്നതിനൊപ്പം ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയും നാശത്തിന്റെ വക്കിലാണ്. ഖനന പ്രവർത്തനങ്ങളിൽ നിന്നുള്ള പൊടിപടലങ്ങളും ശബ്ദമലിനീകരണവും വന്യജീവികളുടെ സ്വാഭാവിക ജീവിതചക്രത്തെ സാരമായി ബാധിക്കുന്നു. ഒരിക്കൽ നഷ്ടപ്പെടുന്ന ജൈവസമ്പത്ത് പിന്നീട് പുനഃസ്ഥാപിക്കുക പ്രയാസകരമാണ്.

പരിസ്ഥിതി നാശത്തിന്റെ മറ്റൊരു ഗുരുതരമായ മുഖമാണ് ദുരന്തസാധ്യത. കേരളം സമീപ വർഷങ്ങളിൽ നേരിട്ട ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും മലപ്രദേശങ്ങളിലെ മനുഷ്യ ഇടപെടലുകളുടെ അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നവയാണ്. മലകളുടെ സ്വാഭാവിക ഘടന തകർക്കപ്പെടുമ്പോൾ ചരിവുകളുടെ സ്ഥിരത കുറയുകയും കനത്ത മഴയിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത വർധിക്കുന്നു. മുടക്കോഴി മലയുടെ സാഹചര്യത്തിലും ഇതേ ആശങ്ക നിലനിൽക്കുന്നു. ഖനനം മൂലം മഴവെള്ളം ആഗിരണം ചെയ്യാനുള്ള മലയുടെ ശേഷി കുറയുകയാണെങ്കിൽ താഴ്ന്ന പ്രദേശങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കവും ജലക്കെട്ടും ഉണ്ടാകാം. അതേസമയം ഭൂഗർഭജല പുനരുജ്ജീവനം കുറയുന്നത് ഭാവിയിൽ മാത്രമല്ല നിലവിലും കുടിവെള്ളക്ഷാമത്തിനും കാരണമാകുന്നുണ്ട്. 2026 ലെ ഏപ്രിൽ മെയ് മാസത്തിൽ മാത്രം മുടക്കോഴിമലയുടെ താഴ് ഭാഗത്ത് നാലോളം വാർഡുകളിലായി ഒരുലക്ഷം രൂപയോളം കുടിവെള്ളം എത്തിക്കുന്നതിനായി നൽകി, നിലവിൽ കുടിവെള്ള ക്ഷാമം പ്രദേശത്ത് രൂക്ഷമാണ്.

ഖനനത്തിന്റെ ആഘാതം മലയിൽ മാത്രം ഒതുങ്ങുന്നതല്ല; മുഴുവൻ പ്രദേശത്തിന്റെ പരിസ്ഥിതി സുരക്ഷയെയും അത് ബാധിക്കുന്നു എന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു. വികസനവും പ്രകൃതി സംരക്ഷണവും പരസ്പര വിരുദ്ധങ്ങളല്ല. എന്നാൽ വികസനത്തിന്റെ പേരിൽ പ്രകൃതിയെ പൂർണമായും നശിപ്പിക്കുന്നത് സമൂഹത്തിന്റെ ദീർഘകാല താൽപര്യങ്ങൾക്ക് വിരുദ്ധമാണ്. പരിസ്ഥിതി ആഘാത പഠനങ്ങൾ കൃത്യമായി നടത്തുകയും ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കുകയും ജനങ്ങളുടെ ആശങ്കകൾ പരിഗണിക്കുകയും ചെയ്തുകൊണ്ടായിരിക്കണം ഏതൊരു ഖനന പ്രവർത്തനവും മുന്നോട്ട് പോകേണ്ടത്.

2023 ലെ വാഴക്കാട് പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലനസമിതിയും ജില്ല ജൈവവൈവിധ്യ ബോർഡും സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ നിർദേശപ്രകാരം വനം വകുപ്പും മൈനിങ് ആൻഡ് ജിയോളജി വകുപ്പും പഠനം നടത്തിയപ്പോൾ പല ഖനനം നടത്തിയവരും നിയമപരമായി നടത്തേണ്ട ആയത്തേക്കാൾ കുഴി എടുത്തതായും അനധികൃതമായി ചെങ്കല്ല് ഖനനം നടത്തിയതായും കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട് കേരളത്തിലെ ഏറെ പ്രാധാന്യം ചാലിയാർ ഇതിലേക്ക് മുടക്കോഴിമലയിലെ അഞ്ചുചോലകളുള്ള അയ്യംച്ചോലയിൽ നിന്നും മമ്മട്ടം ചോലയിൽ നിന്നും ഓട്ടുപാറച്ചോലയിൽ നിന്നും ചെറു അരുവികളായി വലിയതോടിൽ സംഗമിച്ച് ചാലിയാറിലേക്ക് എത്തുമായിരുന്നു, എന്നാൽ മഴ നിലയ്ക്കുന്നതോടെ അരുവികൾ വറ്റിവരളുകയും തോട്ടിലേക്ക് വെള്ളം എത്താതാകുന്നു ഇതോടെ ചാലിയാറിലേക്ക് വെള്ളം എത്താത്ത പ്രശ്നം മാത്രമല്ല മുടക്കോഴിമലയിലെ താഴ്‌വാരത്ത് താമസിക്കുന്ന കർഷകർക്ക് കാർഷിക ആവശ്യത്തിന് വെള്ളം കിട്ടാതാവുകയും ചെയ്യുന്നു ഇത് ഒരു നാടിനോടെ ചെയ്യുന്ന കൊടും ക്രൂരതയാണ്. ഈ പ്രദേശത്തെ ജൈവ വൈവിദ്യം ഏറെയുള്ള എട്ടുകാവുകൾ മുടക്കോഴിമലയുടെ വിവിധ ഭാഗങ്ങളിലായി ഉണ്ട് ഇവയും നാശത്തിന്റെ വക്കിലാണ് സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 60 ഓളം മീറ്റർ ഉയരത്തിലും ഏകദേശം 30 മീറ്റർ ചെരിവുമുള്ള ഒരു മലയാണ് മുടക്കോഴിമല എന്നാണ് മനസ്സിലാക്കുന്നത് .

മുടക്കോഴി മല ഇന്ന് ഒരു ഭൂപ്രദേശമെന്നതിലുപരി ഒരു പരിസ്ഥിതി ചിഹ്നമാണ്. ജൈവവൈവിധ്യത്തിന്റെ സംരക്ഷണത്തിനും ദുരന്തനിവാരണത്തിനും ജലസുരക്ഷയ്ക്കുമായി ഈ മലയുടെ നിലനിൽപ്പ് അനിവാര്യമാണ്. പ്രകൃതിയെ സംരക്ഷിക്കുന്നത് ഭാവിയെ സംരക്ഷിക്കുന്നതാണെന്ന തിരിച്ചറിവോടെ മുടക്കോഴി മലയുടെ സംരക്ഷണത്തിനായി സമൂഹവും ഭരണകൂടവും ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Summary: Mudakkozhi Mala in Malappuram district is facing a severe ecological crisis due to unchecked laterite mining, threatening the region’s biodiversity and water security. The destruction of natural streams like Ayyamchola and Mammathomchola has led to acute water scarcity, forcing the local administration to spend significant funds on water distribution. Despite reports of illegal mining and environmental violations, the fragile ecosystem—including sacred groves—continues to be degraded, heightening the risk of landslides and floods in the region.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.