HomeKerala Assembly Election 2026'മോദി ദൈവത്തെപ്പോലും മറന്നു, അമ്പലങ്ങൾ കയറി ഇറങ്ങുന്നയാൾ ശബരിമലയെപ്പറ്റി ഒരക്ഷരം പോലും...

‘മോദി ദൈവത്തെപ്പോലും മറന്നു, അമ്പലങ്ങൾ കയറി ഇറങ്ങുന്നയാൾ ശബരിമലയെപ്പറ്റി ഒരക്ഷരം പോലും മിണ്ടുന്നില്ല’: രാഹുൽ ഗാന്ധി | PM Modi

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്നും ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരന്റെ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നത് പോലെയാണ് മോദിയെ ട്രംപ് നിയന്ത്രിക്കുന്നതെന്നും രാഹുൽ പരിഹസിച്ചു.(PM Modi has forgotten even about God, says Rahul Gandhi)

കേന്ദ്ര ഏജൻസികൾ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുമ്പോൾ പിണറായി വിജയനെതിരെ മാത്രം നടപടിയുണ്ടാകാത്തത് ഇരുവരും തമ്മിലുള്ള പങ്കാളിത്തം കൊണ്ടാണെന്ന് രാഹുൽ ആരോപിച്ചു. എന്റെ പേരിൽ 38 കേസുകളുണ്ട്. എന്നാൽ സ്വർണ്ണക്കടത്തും ലാവലിനും ഉൾപ്പെടെ നിരവധി അഴിമതി ആരോപണങ്ങൾ ഉണ്ടായിട്ടും മുഖ്യമന്ത്രിയെയോ അദ്ദേഹത്തിന്റെ കുടുംബത്തെയോ കേന്ദ്രം തൊടാത്തത് എന്തുകൊണ്ടാണ്? ബിജെപിക്ക് വെല്ലുവിളി കോൺഗ്രസ് മാത്രമാണെന്ന് മോദിക്കറിയാം. അതുകൊണ്ട് ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണ് മോദിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷേത്രങ്ങൾ തോറും കയറിയിറങ്ങുന്ന പ്രധാനമന്ത്രി കേരളത്തിൽ വരുമ്പോൾ ശബരിമലയെക്കുറിച്ച് മിണ്ടാത്തത് എന്തുകൊണ്ടാണെന്ന് രാഹുൽ ചോദിച്ചു. ശബരിമലയിലെ സ്വർണ്ണം കവർന്ന് പകരം ചെമ്പ് സ്ഥാപിച്ചവർ അയ്യപ്പനെയാണ് അപമാനിച്ചത്. ഈ വിഷയത്തിൽ മോദി പുലർത്തുന്ന മൗനം കുറ്റകരമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആരോഗ്യ മേഖല പൂർണ്ണമായും തകർന്നെന്ന് രാഹുൽ കുറ്റപ്പെടുത്തി.

വിനോദസഞ്ചാര കേന്ദ്രമായ ഇടുക്കിയിൽ ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി പോലും ഇല്ലാത്തത് സർക്കാരിന്റെ പരാജയമാണ്. കേരളത്തിലെ യുവാക്കൾക്ക് ജോലി ലഭിക്കണമെങ്കിൽ സി.പി.ഐ.എമ്മിന്റെയോ ഇടതുപക്ഷത്തിന്റെയോ കൂടെ നിൽക്കണമെന്ന അവസ്ഥയാണ് നിലവിലുള്ളത്.

അന്താരാഷ്ട്ര രാഷ്ട്രീയത്തെ പരാമർശിച്ച രാഹുൽ, മോദി ഇന്ത്യയുടെ സ്വതന്ത്ര പദവി മറന്ന് ഡൊണാൾഡ് ട്രംപിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയാണെന്ന് ആരോപിച്ചു. വിവാദമായ എപ്സ്റ്റീൻ ഫയലുകളിൽ പ്രമുഖരുടെ പേരുകളുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.

Clickable Info Box