മസ്‌ക്കറ്റ്: ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാനിയൻ ചരക്ക് കപ്പലായ എംവി ടൗസ്‌ക യുഎസ് നാവികസേന വെടിവെച്ച് പിടിച്ചെടുത്തിരുന്നു. ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി പിടിച്ചെടുക്കുന്ന കപ്പലാണിത്.(US tightens naval blockade in Hormuz, Report says 27 ships sent back)
ഒമാൻ ഉൾക്കടലിലൂടെ ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തേക്ക് വരികയായിരുന്ന കപ്പലിന് അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് സ്പ്രുവൻസ് ആറ് മണിക്കൂറോളം റേഡിയോ വഴി മുന്നറിയിപ്പുകൾ നൽകി. എന്നാൽ ഇത് അവഗണിച്ച് കപ്പൽ മുന്നോട്ട് നീങ്ങുകയായിരുന്നു. മുന്നറിയിപ്പുകൾ ഫലിക്കാതെ വന്നതോടെ, യുഎസ്എസ് സ്പ്രുവൻസിലെ എംകെ 45 ഡെക്ക് ഗണ്ണിൽ നിന്ന് കപ്പലിന്റെ എൻജിൻ റൂമിലേക്ക് വെടിയുതിർത്തു. ഇതോടെ കപ്പലിന്റെ പ്രവർത്തനം നിലയ്ക്കുകയും കപ്പൽ നടുക്കടലിൽ കുടുങ്ങുകയും ചെയ്തു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇറാനിയൻ തുറമുഖങ്ങളിലേക്ക് വരികയോ അവിടെനിന്ന് പോകുകയോ ചെയ്ത 27 കപ്പലുകളെ യുഎസ് നാവികസേന തടയുകയും തിരിച്ചയക്കുകയും ചെയ്തിട്ടുണ്ട്. ഇറാനെ സഹായിക്കുന്നതോ ഇറാനിയൻ പതാക വഹിക്കുന്നതോ ആയ കപ്പലുകളെ ലോകത്തിന്റെ ഏത് ഭാഗത്തുവെച്ചും പിന്തുടരുമെന്ന് യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ വ്യക്തമാക്കി. കപ്പൽ പിടിച്ചെടുത്ത നടപടിയെ ‘കടൽക്കൊള്ള’ എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്.

