ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് പരിഹാരം കാണാനുള്ള നിർണ്ണായക മധ്യസ്ഥ ചർച്ചകൾക്ക് വീണ്ടും കളമൊരുങ്ങുന്നു. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും ഇസ്ലാമാബാദിൽ തിരിച്ചെത്തിയതോടെയാണിത്. നേരത്തെ ചർച്ചകളിൽ നിന്ന് വിട്ടുനിന്ന ഇറാൻ നിലപാട് മാറ്റിയത് മേഖലയിൽ പുതിയ പ്രതീക്ഷകൾക്ക് വകനൽകുന്നു.(Paving the way for West Asian peace talks, Iranian Foreign Minister returns to Islamabad)
കഴിഞ്ഞ വെള്ളിയാഴ്ച പാകിസ്ഥാനിലെത്തിയ ഇറാൻ സംഘം, യുഎസ് പ്രതിനിധികൾ എത്തുന്നതിന് തൊട്ടുമുമ്പ് നാടകീയമായി മടങ്ങിയിരുന്നു. പാകിസ്ഥാനിൽ നിന്ന് ഒമാനിലേക്ക് പോയ അബ്ബാസ് അരാഗ്ചി, അവിടെ ഒമാൻ നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഞായറാഴ്ച വീണ്ടും ഇസ്ലാമാബാദിൽ എത്തിയത്. ചർച്ചകൾ തുടരണമെന്ന ഒമാന്റെ ശക്തമായ നിർദ്ദേശമാണ് ഇറാന്റെ മടങ്ങിവരവിന് പിന്നിലെന്നാണ് സൂചന.
സമാധാന ചർച്ചകൾക്ക് തയ്യാറാണെങ്കിലും തങ്ങളുടെ പ്രധാന താല്പര്യങ്ങളിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ വഴി അമേരിക്കയ്ക്ക് നൽകിയ ലിഖിത സന്ദേശത്തിൽ രണ്ട് കാര്യങ്ങൾ ഇറാൻ അടിവരയിട്ടു പറയുന്നു. ഇറാന്റെ ആണവ പദ്ധതികളുടെ മേൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കങ്ങൾക്ക് വഴങ്ങില്ല. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണങ്ങളിൽ അയവ് വരുത്തില്ല. ഫാർസ് ന്യൂസ് ഏജൻസിയാണ് ഇറാന്റെ ഈ കർശന നിലപാട് പുറത്തുവിട്ടത്.
വിഷയത്തിൽ ആഗോളതലത്തിൽ തന്നെ വലിയ ഇടപെടലുകളാണ് നടക്കുന്നത്. ഖത്തർ പ്രധാനമന്ത്രി, ഈജിപ്ത്, ഫ്രാൻസ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ ഇറാൻ വിദേശകാര്യമന്ത്രിയുമായി ചർച്ചകൾ നടത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ യുഎഇ വിദേശകാര്യമന്ത്രിയുമായി ആശയവിനിമയം നടത്തി. വൈകാതെ തന്നെ ഇറാൻ വിദേശകാര്യമന്ത്രി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും ചർച്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഇറാൻ സംഘം മടങ്ങിയതിനെത്തുടർന്ന് യുഎസ് പ്രതിനിധികളുടെ പാകിസ്ഥാൻ സന്ദർശനം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കിയിരുന്നു. ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, മരുമകൻ ജാരദ് കഷ്‌നർ എന്നിവരാണ് ചർച്ചകൾക്കായി എത്താനിരുന്നത്. ഇറാൻ സംഘം തിരിച്ചെത്തിയ സാഹചര്യത്തിൽ യുഎസ് സംഘത്തിന്റെ യാത്ര പുനരാരംഭിക്കുമോ എന്നാണ് ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.

