HomeIran Israel Conflictസമാധാന ചർച്ചകളിൽ വീണ്ടും പ്രതീക്ഷ: ഇറാൻ വിദേശകാര്യമന്ത്രി പാകിസ്താനിലേക്ക് മടങ്ങിയെത്തുന്നു |...

സമാധാന ചർച്ചകളിൽ വീണ്ടും പ്രതീക്ഷ: ഇറാൻ വിദേശകാര്യമന്ത്രി പാകിസ്താനിലേക്ക് മടങ്ങിയെത്തുന്നു | Peace talks

ഇസ്ലാമാബാദ്: യു.എസ്. പ്രതിനിധികളുമായുള്ള ചർച്ചകൾക്ക് മുന്നോടിയായി പാകിസ്താൻ സന്ദർശനം പാതിവഴിയിൽ നിർത്തി ഒമാനിലേക്ക് പോയ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇസ്ലാമാബാദിലേക്ക് തിരിച്ചെത്തുന്നു. റഷ്യൻ സന്ദർശനത്തിന് മുന്നോടിയായി അദ്ദേഹം വീണ്ടും പാകിസ്താനിലെത്തുമെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. ഇതോടെ പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ വീണ്ടും പ്രതീക്ഷകൾ ഉയരുകയാണ്.(Hopes revived in peace talks, Iranian Foreign Minister will return to Pakistan)

അരാഗ്ചിക്കൊപ്പമുണ്ടായിരുന്ന സംഘത്തിലെ ഒരു വിഭാഗം പ്രതിനിധികൾ വെടിനിർത്തൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇറാൻ ഭരണകൂടത്തിന്റെ കൃത്യമായ മാർഗ്ഗനിർദ്ദേശം തേടി ടെഹ്‌റാനിലേക്ക് മടങ്ങിയിരുന്നു. ഇവർ ഞായറാഴ്ച രാത്രിയോടെ അരാഗ്ചിക്കൊപ്പം ഇസ്ലാമാബാദിൽ ചേരും. സമാധാന ചർച്ചകളിൽ ഇറാൻ സ്വീകരിക്കേണ്ട പുതിയ നിലപാടുകൾ ഇവർ കൈമാറുമെന്നാണ് കരുതുന്നത്.

ഇറാൻ പ്രതിനിധികളുമായി നേരിട്ടുള്ള ചർച്ചയ്ക്കായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, ജാരദ് കഷ്‌നർ എന്നിവർ ശനിയാഴ്ച പാകിസ്താനിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, അമേരിക്കയുമായി നേരിട്ടുള്ള ചർച്ചയ്ക്ക് താൽപ്പര്യമില്ലെന്ന് ഇറാൻ വ്യക്തമാക്കിയതോടെ ട്രംപ് ഈ യാത്ര റദ്ദാക്കി. ഇറാൻ പ്രതിനിധികൾക്ക് എപ്പോൾ വേണമെങ്കിലും യു.എസിനെ ബന്ധപ്പെടാമെന്ന് ട്രംപ് ‘ട്രൂത്ത് സോഷ്യലിൽ’ കുറിക്കുകയും ചെയ്തു.

Clickable Info Box