ന്യൂയോർക്ക്: ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് സ്‌പെയിൻ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടു. 2010-ൽ നെതർലാൻഡ്സിനെ വീഴ്ത്തി ആദ്യമായി ലോകചാമ്പ്യന്മാരായ ശേഷം സ്‌പെയിൻ നേടുന്ന രണ്ടാമത്തെ ലോകകപ്പ് വിജയമാണിത്. കളിയിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും സമ്പൂർണ്ണ ആധിപത്യം പുലർത്തിയ സ്പെയിനിനായി, അധികസമയത്തിന്റെ 116-ാം മിനിറ്റിൽ ഫെറാൻ ടോറസാണ് നിർണായകമായ വിജയഗോൾ കുറിച്ചത്.(Spain Wins World Cup Final Against Argentina As Lionel Messi Dreams Shattered In Tears)
രണ്ടാം പകുതിയിൽ പ്രമുഖ താരം എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ പത്തുപേരുമായി ചുരുങ്ങിയതാണ് അർജന്റീനയ്ക്ക് കനത്ത തിരിച്ചടിയായത്. പ്രതിരോധനിരയിലെ കരുത്തൻ ലിസാൻഡ്രോ മാർട്ടിനെസിന് പരിക്കേറ്റ് കളം വിടേണ്ടി വന്നതും അവരുടെ താളം തെറ്റിച്ചു. കളിയിലുടനീളം പ്രതിരോധത്തിലൂന്നി കളിച്ച അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ഒരൊറ്റ ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തിരിച്ചുവിടാനായില്ല. എങ്കിലും അവസാന നിമിഷങ്ങളിൽ പത്തുപേരെ വെച്ച് അർജന്റീനയും ക്യാപ്റ്റൻ ലയണൽ മെസിയും നടത്തിയ പോരാട്ടവീര്യം സ്പെയിനിന്റെ ആക്രമണക്കരുത്തിന് മുന്നിൽ വഴിമാറുകയായിരുന്നു.
തന്റെ കരിയറിലെ തുടർച്ചയായ രണ്ടാമത്തെ ലോകകപ്പ് എന്ന സ്വപ്നനേട്ടത്തിന് തൊട്ടരികിലാണ് ലയണൽ മെസിക്ക് ഇത്തവണ കിരീടം നഷ്ടമായത്. എങ്കിലും വ്യക്തിഗതമായി ഒരുപിടി അപൂർവ്വ റെക്കോർഡുകളുമായാണ് മെസി ഈ ടൂർണമെന്റ് അവസാനിപ്പിച്ചത്. 8 ഗോളുകളും 4 അസിസ്റ്റുകളുമായി ടീമിന്റെ ഫൈനൽ വരെയുള്ള പ്രയാണത്തിൽ ഈ മുപ്പത്തിയൊമ്പതുകാരൻ നിർണ്ണായക പങ്കുവഹിച്ചു. ലോകകപ്പ് ചരിത്രത്തിൽ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയെ മറികടക്കാനും മെസിക്ക് സാധിച്ചു. കൂടാതെ, ബ്രസീൽ ഇതിഹാസം കഫുവിന് ശേഷം മൂന്ന് ലോകകപ്പ് ഫൈനലുകളിൽ ഒരു ടീമിനെ നയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടവും മെസി സ്വന്തമാക്കി.
ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിലടക്കം മെസ്സി പുറത്തെടുത്ത മാന്ത്രിക പ്രകടനം വിമർശകരുടെ വായടപ്പിക്കുന്നതായിരുന്നു. ഫൈനൽ വിസിലിന് ശേഷം മൈതാനത്ത് പൊട്ടിക്കരയുന്ന മെസിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. കിരീടം നേടാനായില്ലെങ്കിലും, തങ്ങൾക്ക് മനോഹരമായൊരു ലോകകപ്പ് അനുഭവം സമ്മാനിച്ചതിന് നന്ദി പറഞ്ഞുകൊണ്ട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരാണ് മെസിക്ക് പിന്തുണയുമായി രംഗത്തെത്തുന്നത്.
Story Summary
Spain clinical finish in extra time secured their second World Cup title with a 1-0 victory over Argentina in New York. Despite playing with ten men after Enzo Fernandez’s red card and losing Lisandro Martinez to injury, Argentina fought hard but couldn’t stop Ferran Torres’s 116th-minute winner. Lionel Messi’s dream of a second World Cup title ended in tears, though he set remarkable records by scoring 8 goals, claiming 4 assists, and becoming only the second captain after Cafu to lead a team in three World Cup finals.


