ന്യൂയോർക്ക്: സ്പെയിനിന്റെ ചരിത്രപരമായ ഫിഫ ലോകകപ്പ് കിരീടനേട്ടത്തിന് തൊട്ടുപിന്നാലെ മൈതാനത്ത് നാടകീയമായ സംഘർഷം. ഫൈനൽ വിസിലിന് പിന്നാലെ ഇരുടീമിലെയും കളിക്കാർ തമ്മിലുണ്ടായ വൻ കൈയാങ്കളിക്കൊടുവിൽ അർജന്റീന മിഡ്ഫീൽഡർ ലിയാൻഡ്രോ പരേഡസിന് റഫറി നേരിട്ട് ചുവപ്പ് കാർഡ് നൽകി പുറത്താക്കി. ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, അധികസമയത്ത് ഫെറാൻ ടോറസ് നേടിയ ഗോളിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് തകർത്താണ് സ്‌പെയിൻ 2026 ലോകകപ്പിൽ മുത്തമിട്ടത്. എന്നാൽ, സ്പെയിനിന്റെ ആഘോഷങ്ങൾക്ക് പിന്നാലെ മൈതാനം യുദ്ധക്കളമായി മാറുകയായിരുന്നു.(Spain vs Argentina Brawl, Argentina Midfielder Leandro Paredes Sent Off)
മത്സരത്തിനിടയിൽ തന്നെ ഇരുടീമുകളും തമ്മിലുള്ള കളി കടുത്തതായിരുന്നു. നിശ്ചിത സമയത്തിന്റെ അവസാന ഘട്ടത്തിൽ സ്പാനിഷ് പ്രതിരോധ താരം പാവു കുബാർസിയെ ഫൗൾ ചെയ്തതിന് അർജന്റീനയുടെ എൻസോ ഫെർണാണ്ടസ് രണ്ടാം മഞ്ഞക്കാർഡും കണ്ട് ചുവപ്പ് കാർഡോടെ പുറത്തായിരുന്നു. കൂടാതെ സ്പാനിഷ് താരം മാർക് കുക്കുറെല്ലയുടെ ചില പെരുമാറ്റങ്ങൾക്കെതിരെ നായകൻ ലയണൽ മെസി റഫറി സ്ലാവ്കോ വിൻസിച്ചിനോട് തർക്കിക്കുന്നതിനും കളം സാക്ഷിയായി. എന്നാൽ ഫൈനൽ വിസിൽ മുഴങ്ങിയതോടെ കാര്യങ്ങൾ പൂർണ്ണമായും കൈവിട്ടുപോയി.
സ്പാനിഷ് പകരക്കാരായ താരങ്ങൾ ആഘോഷങ്ങൾക്കായി മൈതാനത്തേക്ക് ഓടിയെത്തിയപ്പോൾ അർജന്റീനയുടെ നഹുവൽ മോളിന സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിയെ കൈകൊണ്ട് തള്ളിമാറ്റാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്യാനെത്തിയ സ്പാനിഷ് താരം എറിക് ഗാർഷ്യയുടെ തൊണ്ടയ്ക്ക് അർജന്റീന താരം പരേഡസ് കുത്തിപ്പിടിക്കുകയും തള്ളിയിടുകയും ചെയ്തു. അർജന്റീന കോച്ച് ലയണൽ സ്കലോണി കളിക്കാരെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും കയ്യാങ്കളി തുടരുകയായിരുന്നു. ഇതിനിടെ സ്പാനിഷ് യുവതാരം ഗാവിയെ പരേഡസ് നിലത്തേക്ക് ഗുസ്തിപിടിച്ച് വീഴ്ത്തുകയും മുഖത്തടിക്കുകയും ചെയ്തു. ഇതോടെ റഫറി സ്ലാവ്കോ വിൻസിച്ച് പരേഡസിന് നേരിട്ട് ചുവപ്പ് കാർഡ് നൽകുകയായിരുന്നു.
അർജന്റീന താരങ്ങളുടെ ഈ മോശം പെരുമാറ്റത്തിനെതിരെ മുൻ ഇംഗ്ലണ്ട് താരങ്ങളായ ഗാരി നെവില്ലും അലൻ ഷിയററും കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. പരേഡസിന്റെ പെരുമാറ്റം അങ്ങേയറ്റം അപമാനകരമാണെന്ന് നെവില്ലും, തോൽവി അംഗീകരിക്കാൻ ഒരു വഴിയുണ്ടെന്നും അർജന്റീനയുടെ ഭാഗത്തുനിന്ന് ഇത്തരം പ്രതികരണങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും ഷിയററും കുറ്റപ്പെടുത്തി. കരിയറിലെ അവസാന ലോകകപ്പ് കളിച്ച ലയണൽ മെസി നിറഞ്ഞ കണ്ണുകളോടെ അർജന്റീനൻ ആരാധകരെ കൈയടിച്ച് അഭിവാദ്യം ചെയ്തശേഷമാണ് റണ്ണേഴ്സ് അപ്പ് മെഡൽ വാങ്ങാൻ പോയത്. എന്നാൽ സഹതാരങ്ങളുടെ അച്ചടക്കമില്ലായ്മ അർജന്റീനയുടെ മികച്ച ടൂർണമെന്റ് പോരാട്ടത്തിന് കരിനിഴലായി മാറി.
Story Summary
Spain’s 2026 FIFA World Cup victory celebrations turned chaotic after the final whistle as Argentina’s Leandro Paredes received a straight red card for triggering a mass brawl. Tensions flared when Nahuel Molina confronted Rodri, leading to Paredes physically assaulting Eric Garcia and Gavi before referee Slavko Vincic intervened. Pundits strongly condemned Argentina’s aggressive reactions, which cast a shadow over Lionel Messi’s emotional final World Cup appearance.


