കൊച്ചി: വൈശാഖ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘ഖലീഫ’യിലെ (khalifa movie song) ആദ്യ പ്രണയഗാനം പുറത്തുവിട്ടു. ‘അസലായവളേ..’ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം പുറത്തുവന്ന് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയകളിൽ തരംഗമായി മാറി. ഹിറ്റ് കൂട്ടുകെട്ടായ ജേക്സ് ബിജോയ് – സിദ് ശ്രീറാം വീണ്ടും ഒന്നിക്കുന്ന ഗാനത്തിന് മുത്തുവാണ് വരികൾ കുറിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം നൽകിയ ഗാനം സിദ് ശ്രീറാമും മഖ്ബൂൽ മൻസൂറും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
‘നരിവേട്ട’യിലെ ‘മിന്നൽവള’, ‘ഇഷ്ക്’ലെ ‘പറയുവാൻ’ എന്നീ വൻ ഹിറ്റുകൾക്ക് ശേഷം പ്രേക്ഷകരുടെ പ്ലേലിസ്റ്റിൽ മുൻനിരയിലേക്ക് ഈ പാട്ടും ഇടംപിടിച്ചുകഴിഞ്ഞു. ഓഗസ്റ്റ് 20-ന് ഓണം റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും.
രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും ദുബായിലാണ് പൂർത്തിയായത്. ‘മാമ്പറയ്ക്കൽ ആമിർ അലി’ എന്ന നായക കഥാപാത്രമായി പൃഥ്വിരാജ് എത്തുമ്പോൾ, ‘മാമ്പറയ്ക്കൽ അഹമ്മദ് അലി’യായി മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ അതിഥി വേഷത്തിൽ എത്തും എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മാളവിക ശർമ്മ നായികയായി അരങ്ങേറുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനു വി. എബ്രഹാം ആണ്.
ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു വി. എബ്രഹാം നിർമ്മിക്കുന്ന ചിത്രത്തിന് ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. ചേതൻ ഡിസൂസ, യാനിക് ബെൻ, ഫീനിക്സ് പ്രഭു എന്നിവർ ചേർന്ന് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്ന ചിത്രത്തിന് വസ്ത്രാലങ്കാരം നിർവ്വഹിച്ചിരിക്കുന്നത് മഷർ ഹംസയാണ്.
Story Summary:
The romantic song ‘Asalayavale’ from Prithviraj Sukumaran’s upcoming Vysakh directorial ‘Khaleefa’ has been released and gone viral. Composed by Jakes Bejoy and sung by Sid Sriram alongside Maqbool Mansoor, the song builds massive hype for the film, which features a cameo by Mohanlal and is set for an August 20 Onam release.


