തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ പേമാരി തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് രണ്ട് ഞായറാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു (Kerala rain holiday). മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് അവധി നൽകിയിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ, സൺഡേ സ്‌കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ബാധകമാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് മാറ്റമുണ്ടാകില്ല.
റെഡ് അലർട്ട് നിലനിൽക്കുന്ന കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലും ഓറഞ്ച് അലർട്ടുള്ള മലപ്പുറത്തും സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെയുള്ള എല്ലാവിധ ഓഫ്‌ലൈൻ പഠനപ്രവർത്തനങ്ങളും പൂർണ്ണമായി തടഞ്ഞു. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ലെങ്കിലും വിദ്യാർത്ഥികളുടെ സുരക്ഷ സ്ഥാപനമേധാവികൾ ഉറപ്പുവരുത്തേണ്ടതാണ്. കോഴിക്കോട് ജില്ലയിൽ ഓഫ്‌ലൈൻ ക്ലാസുകൾക്ക് മാത്രമാണ് വിലക്കെന്നും ഓൺലൈൻ ക്ലാസുകൾ നടത്താമെന്നും ഭരണകൂടം വ്യക്തമാക്കി.
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വയനാട്ടിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവധി തുടരും. കോഴിക്കോട് ജില്ലയിലെ ക്വാറികളുടെ പ്രവർത്തനവും ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയ ജലാശയങ്ങളിലേക്കുള്ള പൊതുജനങ്ങളുടെയും വിനോദസഞ്ചാരികളുടെയും പ്രവേശനവും പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർമാർ മുന്നറിയിപ്പ് നൽകി.
Story Summary: Due to heavy rainfall, holiday has been declared for educational institutions, tuition centers, and religious classes in Malappuram, Wayanad, Kannur, and Kozhikode districts on August 2. However, pre-scheduled examinations and interviews will proceed as per schedule across the state.


