തിരുവനന്തപുരം: പാമ്പുകടിയേൽക്കുന്നവർക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുന്നതിനായി ‘കനിവ് 108’ ആംബുലൻസ് സേവനം പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് (Snakebite Treatment Kerala). ആന്റി സ്‌നേക്ക് വെനം (Anti-Snake Venom) ലഭ്യമായ ആശുപത്രികളിലേക്ക് രോഗികളെ വേഗത്തിൽ എത്തിക്കാൻ ഇതിലൂടെ സാധിക്കും. നിലവിൽ സംസ്ഥാനത്തെ 146 ആശുപത്രികളിൽ പാമ്പുവിഷത്തിനുള്ള മരുന്ന് ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.
ആംബുലൻസിലെ പരിശീലനം ലഭിച്ച എമർജൻസി മെഡിക്കൽ ടെക്നീഷ്യന്മാർ വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാം.
ആന്റിവെനം ഇല്ലാത്ത ആശുപത്രികളിൽ പോയി സമയം കളയുന്നത് ഒഴിവാക്കാൻ 108 ടീമിന് സാധിക്കും. മരുന്ന് ലഭ്യമായ ആശുപത്രികൾ ഏതൊക്കെയെന്ന ലിസ്റ്റ് ആരോഗ്യവകുപ്പ് ഇവർക്ക് കൈമാറിയിട്ടുണ്ട്- മന്ത്രി വ്യക്തമാക്കി.
പാമ്പുകടിയേറ്റ രോഗി എത്തുന്ന വിവരം ആംബുലൻസിൽ നിന്ന് തന്നെ ആശുപത്രിയെ അറിയിക്കാനും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാനും സാധിക്കും. ആംബുലൻസ് വരുന്നത് വരെ പാമ്പുകടിയേറ്റയാൾ ചെയ്യേണ്ട കാര്യങ്ങളും മന്ത്രി നിർദ്ദേശിച്ചു.
കടിയേറ്റയാൾ ശാന്തനായിരിക്കണം. ഭയപ്പെട്ടാൽ രക്തയോട്ടം വർദ്ധിക്കുകയും വിഷം വേഗത്തിൽ പടരുകയും ചെയ്യും. കടിയേറ്റ ഭാഗം അനക്കാതിരിക്കുക. നടക്കാനോ ഓടാനോ അനുവദിക്കരുത്. സ്ട്രെച്ചറിലോ മറ്റോ കിടത്തി വേണം കൊണ്ടുപോകാൻ. മുറിവിന് മുകളിൽ അമിതമായി മുറുക്കിക്കെട്ടുന്നത് ഒഴിവാക്കണം- നിർദ്ദേശങ്ങളിൽ പറയുന്നു.
ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് തലം മുതലുള്ള എല്ലാ പ്രധാന ആശുപത്രികളിലും നിലവിൽ ആന്റിവെനം സ്റ്റോക്കുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ജില്ലാതല യോഗങ്ങൾ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. എല്ലാ ആശുപത്രികളും നിശ്ചിത പ്രോട്ടോക്കോൾ പ്രകാരം ചികിത്സ നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.
Story Summary: Health Minister Veena George stated that the ‘Kaniv 108’ ambulance service will ensure timely treatment for snakebite victims by transporting them to hospitals equipped with Anti-Snake Venom (ASV). Currently, 146 hospitals in Kerala stock ASV, and the 108 team has been provided with this list to avoid delays.

