കൊല്ലം: സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് ഉയർന്നതോടെ കേരളത്തിൽ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു (KSEB Load Shedding). കടുത്ത വേനലിൽ എസി ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ ഉപയോഗം വർദ്ധിച്ചതാണ് വൈദ്യുതി ബോർഡിനെ പ്രതിസന്ധിയിലാക്കിയത്. ഇതിന്റെ ഭാഗമായി രാത്രികാലങ്ങളിൽ 15 മിനിറ്റ് വരെ നിയന്ത്രണം ഏർപ്പെടുത്താൻ കെ.എസ്.ഇ.ബി. വാക്കാൽ നിർദ്ദേശം നൽകി.
ഒരാഴ്ച മുൻപ് മലബാർ മേഖലയിൽ തുടങ്ങിയ നിയന്ത്രണങ്ങൾ ഇപ്പോൾ തിരുവിതാംകൂർ, കൊച്ചി മേഖലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. രാത്രി സമയങ്ങളിൽ 10 മുതൽ 15 മിനിറ്റ് വരെയാണ് നിലവിൽ വൈദ്യുതി മുടങ്ങുന്നത്. രാത്രി 7 മുതൽ 11 വരെയുള്ള പീക്ക് സമയങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. വരും ദിവസങ്ങളിൽ ചൂട് ഇതേപോലെ തുടരുകയാണെങ്കിൽ നിയന്ത്രണം 30 മിനിറ്റ് വരെ നീട്ടേണ്ടി വരുമെന്നാണ് സൂചന.
ഔദ്യോഗികമായി ലോഡ് ഷെഡ്ഡിങ് പ്രഖ്യാപിച്ചിട്ടില്ലെന്നാണ് വൈദ്യുതി ബോർഡ് അധികൃതരുടെ വിശദീകരണം. എന്നാൽ അമിതഭാരം മൂലം ട്രാൻസ്ഫോർമറുകൾ തകരാറിലാകുന്നത് ഒഴിവാക്കാനും ഗ്രിഡിന്റെ സുരക്ഷ ഉറപ്പാക്കാനും ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടി വരുന്നുണ്ടെന്ന് അധികൃതർ സമ്മതിക്കുന്നു. സെൻട്രൽ ഗ്രിഡിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലുണ്ടാകുന്ന കുറവും ആഭ്യന്തര ഉൽപ്പാദനത്തിലെ പരിമിതികളും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.
ഉപഭോക്താക്കൾ പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Story Summary: Kerala is facing an unannounced power shedding as electricity consumption crossed a record 117 million units due to extreme heat. KSEB has directed minor power cuts of 10-15 minutes during peak night hours across Malabar, Kochi, and Travancore regions to manage the surging load.

