ന്യൂഡൽഹി: ഇന്ത്യയിലേക്ക് നാടുകടത്തിയ 59-കാരനായ രാജ്യാന്തര മയക്കുമരുന്ന് കടത്ത് സൂത്രധാരൻ മുഹമ്മദ് സലിം ദോല, തുർക്കിയിൽ ഒളിവിൽ കഴിഞ്ഞിരുന്നത് ‘ഹംസ’ എന്ന വ്യാജ പേരിലെന്ന് റിപ്പോർട്ട്. തന്നെ തിരിച്ചറിയാതിരിക്കാൻ ഹംസ എന്ന പേരിലുള്ള ബൾഗേറിയൻ പാസ്‌പോർട്ടാണ് ഇയാൾ ഉപയോഗിച്ചിരുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ പാസ്‌പോർട്ടിന്റെ ആധികാരികതയെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.(Dawood’s aide Salim Dola, deported to India, lived as ‘Hamza’ in Turkey)
ഏപ്രിൽ 28-ന് ഇന്ത്യയിലെത്തിച്ച ദോലയെ മെയ് 8 വരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ടർക്കിഷ് ഇന്റലിജൻസ് ഏജൻസിയും ബെയ്‌ലിക്‌ഡുസു പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. മുംബൈയിൽ ജനിച്ച സലിം ദോലയെ പിടികൂടാൻ ഇന്ത്യൻ ഏജൻസികൾ ദീർഘകാലമായി ശ്രമിച്ചുവരികയായിരുന്നു. 2012-ൽ 80 കിലോഗ്രാം കഞ്ചാവുമായി എൻസിബി ഇയാളെ ആദ്യമായി പിടികൂടി.
2018-ൽ 100 കിലോഗ്രാം ഫെന്റനൈലുമായി വീണ്ടും അറസ്റ്റിലായി.
എന്നാൽ പരിശോധനയിൽ ചില സാംപിളുകൾ നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാൾക്ക് ജാമ്യം ലഭിച്ചു. ഇതിന് പിന്നാലെ യുഎഇയിലേക്ക് കടന്നുകളഞ്ഞ ദോല, വ്യാജ പാസ്‌പോർട്ട് സംഘടിപ്പിച്ച് തുർക്കിയിലേക്ക് മാറുകയായിരുന്നു. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയാണ് സലിം ദോലയെന്ന് എൻസിബി മുംബൈ കോടതിയെ അറിയിച്ചു. പശ്ചിമേഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങൾ കേന്ദ്രീകരിച്ച് വൻ രാജ്യാന്തര മയക്കുമരുന്ന് സിൻഡിക്കേറ്റാണ് ഇയാൾ സ്ഥാപിച്ചിരുന്നത്.
മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് ഹെറോയിൻ, ചരസ്, മെഫിഡ്രോൺ, മാന്ത്രാക്സ്, മെത്താഫിറ്റമിൻ എന്നിവ വൻതോതിൽ പിടികൂടിയ സംഭവങ്ങളിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ട്. 2023 ജൂണിൽ തെക്കൻ മുംബൈയിൽ നിന്ന് പിടിച്ചെടുത്ത വൻതോതിലുള്ള മെഫിഡ്രോൺ മരുന്നിന്റെ പ്രധാന വിതരണക്കാരനും സലിം ദോലയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ അഭ്യർത്ഥനപ്രകാരം 2024 മാർച്ചിൽ ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസിനെത്തുടർന്നാണ് ദോല വലയിലായത്.

