പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സാഹചര്യം അതീവ ഗുരുതരമായി തുടരുന്നു. ദുരന്തനിവാരണ അതോറിറ്റിയുടെയും അധികൃതരുടെയും ജാഗ്രതാ നിർദേശങ്ങളോട് പൂർണമായി സഹകരിക്കണമെന്നും ഉടൻ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകണമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് അഭ്യർത്ഥിച്ചു. പത്തനംതിട്ട ജില്ലയിൽ ഇന്ന് രാത്രി മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതി കഴിയരുത്, ഏതവസരത്തിലും വെള്ളം ഉയരാമെന്നതിനാൽ അതീവ ജാഗ്രത വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.(Pathanamthitta Flood Situation Critical Evacuations Underway)
നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്ന് ഭക്തരെ പമ്പയിലേക്ക് കടത്തിവിടില്ല.
മൂഴിയാർ ഡാം ഏതുസമയവും തുറക്കേണ്ടി വരുമെന്നതിനാൽ റാന്നിയും ആറൻമുളയും വീണ്ടും കടുത്ത പ്രളയ ഭീഷണിയിലാണ്. കോഴഞ്ചേരി ഉൾപ്പെടെയുള്ള മേഖലകളിൽ ജനങ്ങൾ ഉടൻ മാറിത്താമസിക്കണമെന്ന് അറിയിച്ചുകൊണ്ട് പോലീസ് അനൗൺസ്‌മെന്റ് തുടരുകയാണ്. രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി കൊല്ലത്തുനിന്ന് കൂടുതൽ സന്നദ്ധ പ്രവർത്തകരും മത്സ്യബന്ധന ബോട്ടുകളും പത്തനംതിട്ടയിലേക്ക് തിരിച്ചു.
അപ്പർ കുട്ടനാട് വെള്ളത്തിനടിയിലായി. കുറ്റൂർ, പെരിങ്ങര, നെടുംമ്പ്രം, നിരണം, കടപ്ര എന്നീ പഞ്ചായത്തുകളിലും തിരുവല്ല നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. ഇന്നലെ രാത്രി നിർത്താതെ പെയ്ത മഴയിൽ മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. ഇവരിൽ പലരെയും ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
Story Summary
Pathanamthitta faces a critical flood situation due to persistent heavy rainfall, prompting Minister PC Vishnunath to urge residents in vulnerable areas to evacuate immediately to relief camps. With Upper Kuttanad submerged and Moozhiyar Dam on the verge of opening, Sabarimala pilgrimage has been halted, and fishing boats from Kollam are deployed for rescue operations.


