ബംഗളൂരു: തമിഴ്‌നാട്ടിലേക്ക് പ്രതിദിനം 3,500 ക്യൂസെക്‌സ് കാവേരി വെള്ളം തുടർച്ചയായി 15 ദിവസം വിട്ടുനൽകണമെന്ന കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ ഉത്തരവിനെതിരെ കർണാടകയിൽ ഓഗസ്റ്റ് 13-ന് സംസ്ഥാനവ്യാപക ബന്ദ് പ്രഖ്യാപിച്ചു. കന്നഡ ഒക്കൂട പ്രസിഡന്റും മുതിർന്ന കന്നഡ പ്രക്ഷോഭകനുമായ വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകൾ ചേർന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം.(Karnataka Statewide Bandh August 13 Cauvery Water Issue Vatal Nagaraj)
കാവേരി ജല ക്രമീകരണ സമിതിയുടെ നിർദ്ദേശം പുനഃപരിശോധിക്കണമെന്ന കർണാടകയുടെ ഹർജി തള്ളിക്കൊണ്ടാണ് അതോറിറ്റി കടുത്ത ഉത്തരവിറക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് സമരരംഗത്തിറങ്ങാൻ വിവിധ സംഘടനകൾ തീരുമാനിച്ചത്. ഓഗസ്റ്റ് 13 ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയായിരിക്കും 12 മണിക്കൂർ ബന്ദ്.
ആശുപത്രികൾ, ആംബുലൻസ്, മെഡിക്കൽ സ്റ്റോറുകൾ തുടങ്ങിയ അത്യാവശ്യ സേവനങ്ങളെ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് ബന്ദിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഇതുകൂടാതെ സിനിമാ സംഘടനകൾ, സ്വകാര്യ സ്കൂൾ മാനേജ്‌മെന്റ് സംഘടനകൾ, വിവിധ ഓട്ടോ-ടാക്സി, ലോറി യൂണിയനുകൾ, കർഷക സംഘടനകൾ എന്നിവയും സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ, സിനിമാ തിയേറ്ററുകൾ, സ്വകാര്യ ബസുകൾ എന്നിവയുടെ പ്രവർത്തനം പൂർണ്ണമായി സ്തംഭിപ്പിക്കാൻ സംഘടനകളോട് സഹകരണം അഭ്യർത്ഥിച്ചിട്ടുണ്ട്. റാലിയിലും പ്രതിഷേധ പരിപാടികളിലും സംസ്ഥാനത്തുടനീളമുള്ള കർഷകരും ജനങ്ങളും സജീവമായി പങ്കെടക്കണമെന്ന് വാട്ടാൾ നാഗരാജ് അഭ്യർത്ഥിച്ചു.
Story Summary
Kannada outfits led by Vatal Nagaraj announced a Karnataka statewide bandh on August 13 against the CWMA directive to release 3,500 cusecs of Cauvery water to Tamil Nadu. Film industry, private schools, and auto unions extended support.


