ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ടാണ് കുൽഗാമിലെ കെല്ലം ഗ്രാമത്തിൽ സംഭവം നടന്നത് (Kulgam Terror Attack). ജോലിക്കായി കശ്മീരിലെത്തിയ രണ്ട് തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിൽ ഒരാൾ സംഭവസ്ഥലത്തുവെച്ച് മരിച്ചപ്പോൾ ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. മരിച്ചവർ ഛത്തീസ്ഗഢ് സ്വദേശികളായ ദീപക്, ഭൂപേന്ദർ എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായി പ്രദേശത്ത് സുരക്ഷാസേനയും പൊലീസും സംയുക്തമായി വ്യാപക തിരച്ചിൽ ആരംഭിച്ചു. പ്രദേശം വളഞ്ഞ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ കശ്മീരിൽ നടക്കുന്ന രണ്ടാമത്തെ ലക്ഷ്യമിട്ട ആക്രമണമാണിത്. കഴിഞ്ഞ ആഴ്ച അനന്ത്നാഗിൽ നടന്ന ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കശ്മീർ താഴ്‌വരയിൽ സുരക്ഷാ പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ആക്രമണത്തിന് പിന്നാലെ കശ്മീരിലുടനീളം പൊലീസ് വ്യാപക പരിശോധന ആരംഭിച്ചതായും 3,000-ത്തിലധികം പേരെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്. കൂട്ടത്തടങ്കലുകൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ ഇടയാക്കുമെന്ന ആശങ്ക ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള നേരത്തെ പ്രകടിപ്പിച്ചിരുന്നു. അമർനാഥ് യാത്ര പുരോഗമിക്കുന്നതിനിടെയാണ് പുതിയ ആക്രമണം ഉണ്ടായത്. യാത്രയുടെ സുരക്ഷയ്ക്കായി നിലവിലുള്ള സുരക്ഷാസംവിധാനങ്ങൾക്ക് പുറമെ 670 അധിക അർധസൈനിക കമ്പനികളെയും വിന്യസിച്ചിട്ടുണ്ട്.
Summary: Two migrant workers from Chhattisgarh were killed after terrorists opened fire on them in Kellam village of Jammu and Kashmir’s Kulgam district. Security forces have launched a major search operation as the attack comes amid heightened security during the ongoing Amarnath Yatra.


