തിരുവനന്തപുരം: പുതുയുഗ യാത്രയ്ക്കിടെ നൽകിയ ഉറപ്പുപാലിച്ചുകൊണ്ട് സംസ്ഥാനത്തെ ഭാഗ്യക്കുറി തൊഴിലാളികൾക്കും പെൻഷനുകാർക്കുമുള്ള ഓണം ഉത്സവബത്ത വർധിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉത്തരവായി (Kerala lottery Onam allowance). പുതിയ പ്രഖ്യാപനപ്രകാരം കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപനക്കാർക്കുമുള്ള ഓണം ഉത്സവബത്ത 8,500 രൂപയായും, പെൻഷൻകാർക്കുള്ള തുക 3,750 രൂപയായും ഉയർത്തി. മുൻവർഷത്തെ അപേക്ഷിച്ച് ഇരുവിഭാഗത്തിലും 1,000 രൂപ വീതമാണ് ഇത്തവണ വർധിപ്പിച്ചു നൽകുന്നത്.
സംസ്ഥാന ഭാഗ്യക്കുറി മേഖലയുടെ ചരിത്രത്തിലാദ്യമായാണ് സജീവ തൊഴിലാളികൾക്കും പെൻഷൻകാർക്കും ഒരേപോലെ തുക വർധിപ്പിച്ചു നൽകുന്ന നടപടിയുണ്ടാകുന്നത്. ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡിലെ 26,980 സജീവ അംഗങ്ങൾക്കും 9,345 പെൻഷൻകാർക്കും ഈ ആനുകൂല്യം ലഭിക്കും. ഓണക്കാലത്ത് ലോട്ടറി മേഖലയിൽ പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ തീരുമാനം.
Story Summary: Kerala Chief Minister V.D. Satheesan announced an increased Onam festival allowance of Rs 8,500 for state lottery agents and sellers, and Rs 3,750 for pensioners. This Rs 1,000 hike marks a historic decision directly benefiting nearly 27,000 active workers and over 9,000 welfare fund pensioners.


