കൊച്ചി: ലഹരിമരുന്ന് വ്യാപനത്തിനെതിരായ ഓപ്പറേഷൻ തൂഫാൻ (Operation Toofan) നടപടികളുടെ ഭാഗമായി കൊച്ചി സിറ്റി പൊലീസിന്റെ പ്രത്യേക പരിശോധനയിൽ എംഡിഎംഎ കൈവശംവെച്ചിരുന്ന രണ്ട് പേർ അറസ്റ്റിലായി. തൃക്കാക്കരയിലും കാക്കനാട്ടുമായി നടത്തിയ പരിശോധനകളിലാണ് പ്രതികൾ പിടിയിലായത്.
തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ പടമുകൾ പാലച്ചോട് റോഡിന് സമീപത്ത് നിന്നാണ് ഉനൈസ് (34) എന്നയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 11.510 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. കൊച്ചി സിറ്റിയിൽ രജിസ്റ്റർ ചെയ്ത നിരവധി ലഹരിമരുന്ന് കേസുകളിലെ പ്രതിയാണ് ഉനൈസെന്നും പൊലീസ് വ്യക്തമാക്കി.
എൻഡിപിഎസ് നിയമപ്രകാരമുള്ള കേസിൽ ജയിൽശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങി വെറും 20 ദിവസം മാത്രമാണ് കഴിഞ്ഞതെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
മറ്റൊരു സംഭവത്തിൽ, ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലെ കാക്കനാട് നിലംപതിഞ്ഞിമുകൾ കളങ്ങാട് റോഡിന് സമീപത്ത് നിന്ന് സഈദ് സാബിഖ് (27) എന്നയാളെയും എംഡിഎംഎയുമായി പിടികൂടി. ഇയാളുടെ കൈവശം നിന്ന് 4.650 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് സംഘമാണ് ഇരുവരെയും പിടികൂടിയത്. പ്രതികൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Story Summary:
Two persons were arrested with MDMA in separate raids conducted by Kochi City Police as part of Operation Toofan. Police seized a total of 16.160 grams of the banned narcotic and registered cases under the NDPS Act.


