ഗ്ലാസ്‌ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു (Gyaneshwari Yadav). വനിതകളുടെ 53 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തിൽ ഗ്യാനേശ്വരി യാദവ് വെള്ളി മെഡൽ സ്വന്തമാക്കി. സ്‌നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി ആകെ 199 കിലോഗ്രാം ഉയർത്തിയാണ് ഇന്ത്യൻ താരം രണ്ടാം സ്ഥാനം നേടിയത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗ്യാനേശ്വരി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സ്‌നാച്ചിൽ ആദ്യ ശ്രമത്തിൽ 82 കിലോ ഉയർത്തിയ താരം, രണ്ടാം ശ്രമത്തിൽ 85 കിലോയും അവസാന ശ്രമത്തിൽ 88 കിലോയും വിജയകരമായി ഉയർത്തി. സ്‌നാച്ച് റൗണ്ട് അവസാനിക്കുമ്പോൾ 88 കിലോയുമായി രണ്ടാം സ്ഥാനത്തായിരുന്നു ഗ്യാനേശ്വരി.
93 കിലോ ഉയർത്തിയ നൈജീരിയയുടെ ഒനോമെ ദിദിയാണ് സ്‌നാച്ചിൽ ഒന്നാം സ്ഥാനത്തെത്തിയത്. കാനഡയുടെ റെബേക്ക ഗ്രൗൾക്‌സ് 83 കിലോയുമായി മൂന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്കയുടെ ജൊഹാനി 78 കിലോയുമായി നാലാം സ്ഥാനത്തും ഇടംപിടിച്ചു.
ക്ലീൻ ആൻഡ് ജെർക്കിലും ഗ്യാനേശ്വരി മികച്ച പ്രകടനം ആവർത്തിച്ചു. ആദ്യ ശ്രമത്തിൽ 103 കിലോയും രണ്ടാം ശ്രമത്തിൽ 107 കിലോയും വിജയകരമായി ഉയർത്തിയ താരം, മൂന്നാം ശ്രമത്തിൽ 111 കിലോയും ഉയർത്തി. ഇതോടെ ആകെ 199 കിലോഗ്രാം ഉയർത്തി വെള്ളി മെഡൽ ഉറപ്പിച്ചു.
നൈജീരിയയുടെ ഒനോമെ ദിദി ആകെ 206 കിലോഗ്രാം ഉയർത്തി സ്വർണ മെഡൽ കരസ്ഥമാക്കി. കാനഡയുടെ റെബേക്ക ഗ്രൗൾക്‌സ് വെങ്കല മെഡൽ നേടി.
Story Summary:
India added another medal to its tally at the 2026 Commonwealth Games as Gyaneshwari Yadav won silver in the women’s 53kg weightlifting event. She lifted a total of 199kg, while Nigeria’s Onome Didi claimed the gold medal.


