റിപ്പോർട്ട്: അൻവർ ഷരിഫ്
വാഴക്കാട്: മലപ്പുറം ജില്ലയിലെ വാഴക്കാട് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലൂടെ ഒഴുകുന്ന ചെറുവട്ടൂർ–കൽപ്പള്ളി വാരിയത്ത് താഴം മൂഴിക്കൽ തോട്ടിലെ നീരൊഴുക്ക് തടസപ്പെടുന്ന സാഹചര്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നൂഞ്ഞിക്കര പാടശേഖര സമിതി ജില്ലാ കളക്ടർക്ക് പരാതി നൽകി. (Moozhikkal thodu water flow issue)
എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച പാലം തോട്ടിലെ സ്വാഭാവിക നീരൊഴുക്കിന്റെ
ദിശയെ ബാധിക്കുന്ന തരത്തിലാണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. കൂടാതെ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് തോടിന്റെ സംരക്ഷണഭിത്തി നിർമിച്ചെങ്കിലും തെയ്യത്തും ഭാഗത്ത് തോട്ടിലെ മണ്ണ് നീക്കം ചെയ്യാതിരിക്കുകയും കൈയേറ്റങ്ങൾ പൂർണമായി ഒഴിപ്പിക്കാതിരിക്കുകയും ചെയ്തതിനാൽ വെള്ളത്തിന്റെ ഒഴുക്ക് സാരമായി തടസപ്പെട്ടിട്ടുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
അഞ്ച് വാർഡുകളിലൂടെ കടന്നുപോകുന്ന ഈ തോട്ടിലേക്ക് മംകുളം ഭാഗത്തുനിന്നും ചെറുവട്ടൂർ ഭാഗത്തുനിന്നും ഉൾപ്പെടെ വിവിധ തോടുകളിലെ വെള്ളം എത്തിച്ചേരുന്ന സാഹചര്യത്തിൽ, നിലവിലെ തടസങ്ങൾ പ്രദേശത്തെ പാടശേഖരങ്ങളെയും കർഷകരെയും ഗുരുതരമായി ബാധിക്കുന്നതായി പരാതിയിൽ വ്യക്തമാക്കുന്നു. മഴക്കാലത്ത് വെള്ളക്കെട്ടും കൃഷിനാശവും രൂക്ഷമാകുന്ന സാഹചര്യമായതിനാൽ വിഷയത്തിൽ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ട് പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നൂഞ്ഞിക്കര പാടശേഖര സമിതിയുടെ ആവശ്യം.
Summary: The Nunjikkara Padasekhara Committee has submitted a complaint to the Malappuram District Collector alleging that construction works have obstructed the natural flow of the Moozhikkal stream at Vazhakkad. The committee has sought immediate intervention, citing serious impacts on local farmers and paddy fields.


