അഹമ്മദാബാദ്: കനത്ത മഴയെ തുടർന്ന് പ്രളയക്കെടുതിയിലായ തെക്കൻ ഗുജറാത്തിലെ വിവിധ ജില്ലകളിലും അഹമ്മദാബാദിലും ദാദ്ര ആന്റ് നഗർ ഹവേലിയിലും രക്ഷാപ്രവർത്തനം ശക്തമാക്കി ഇന്ത്യൻ സൈന്യം. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ 790-ലധികം ആളുകളെയാണ് സൈന്യത്തിന്റെ നേതൃത്വത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ ഞായറാഴ്ച അറിയിച്ചു.(Gujarat flood, Indian Army Evacuates Over 790 Persons)
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളെ പൂർണ്ണമായും വെള്ളത്തിനടിയിലാക്കി. പ്രളയത്തിലും മഴക്കെടുതികളിലുംപെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ 35 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ട വൽസാദ്, നവ്സാരി ജില്ലകളിൽ മാത്രം 29 പേർ ജീവൻ വെടിഞ്ഞു.
നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ്, എസ്.ഡി.ആർ.എഫ്, സിവിൽ അഡ്മിനിസ്ട്രേഷൻ എന്നിവയുമായി കൈകോർത്താണ് സൈന്യത്തിന്റെ സതേൺ കമാൻഡ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളിൽ അടിയന്തര വൈദ്യസഹായവും ഭക്ഷണവും കുടിവെള്ളവും എത്തിക്കുന്നതിനുള്ള നടപടികളും സൈന്യം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Summary
The Indian Army has evacuated more than 790 people stranded in flood-affected districts of South Gujarat, Ahmedabad, and Dadra & Nagar Haveli following continuous heavy rainfall. Recent rain-related incidents across Gujarat have claimed 35 lives, with Valsad and Navsari being the hardest hit, while rescue and relief operations by the Army and disaster response forces remain underway.


