റിയാദ്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ സൗദി അറേബ്യയിലെ യാൻബു, ജിസാൻ മേഖലകളിൽ പുറപ്പെടുവിച്ച അടിയന്തര ജാഗ്രതാ മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചു. ദേശീയ എർലി വാർണിംഗ് പ്ലാറ്റ്ഫോമിലൂടെ നൽകിയ മുന്നറിയിപ്പ് റദ്ദാക്കിയതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു (Saudi Arabia Emergency Alert). നിലവിൽ പ്രദേശത്തെ ഭീഷണി ഒഴിഞ്ഞതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിയന്തര മുന്നറിയിപ്പിന് കാരണമായ സാഹചര്യം എന്താണെന്ന് സിവിൽ ഡിഫൻസ് വിശദമായി വ്യക്തമാക്കിയിട്ടില്ല. മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ബാധിത മേഖലകളിൽ അനാവശ്യമായി ആളുകൾ കൂട്ടംചേരരുതെന്നും സംഭവസ്ഥലങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. അതേസമയം, ബഹ്റൈനിലും അപായ സൈറണുകൾ മുഴങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകാതെ ശാന്തത പാലിക്കണമെന്നും സമീപത്തെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും അധികൃതർ എക്‌സ് പ്ലാറ്റ്ഫോമിലൂടെ നിർദേശം നൽകി.
ഇതിനിടെ, ചെങ്കടലിൽ സൗദി കപ്പലിന് നേരെയുണ്ടായ ഹൂതി ആക്രമണത്തിന് പിന്നാലെ സൗദിയുടെ നേതൃത്വത്തിലുള്ള സംയുക്ത സേന യെമനിലെ അൽ ഹുദയിദ മേഖലയിൽ തിരിച്ചടി നടത്തിയതായി റിപ്പോർട്ടുകളുണ്ട്. നേരത്തെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച സൗദി കപ്പൽ പിന്നീട് യാത്ര തുടർന്നതായും റിപ്പോർട്ടിൽ പറയുന്നു.
പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. സംഘർഷത്തിന് നയതന്ത്രപരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ഇറാന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ പിന്തുണ നൽകുമെന്ന് ചൈനയും പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാൻ കടലിൽ ഇറാന്റെ കപ്പലാണെന്ന് തെറ്റിദ്ധരിച്ച് അമേരിക്ക എൽപിജി ടാങ്കറിനെ ആക്രമിച്ചെന്ന ആരോപണവും ഇതിനിടെ ഇറാൻ ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിൽ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടതായും ഇറാൻ അവകാശപ്പെട്ടു.
Summary: Saudi Arabia has withdrawn an emergency alert issued for the Yanbu and Jizan regions, while Bahrain activated warning sirens and urged residents to remain calm. The developments come amid escalating tensions in the Middle East following renewed attacks in the Red Sea.


