തിരുവനന്തപുരം: ആലപ്പുഴ നവകേരളസദസ്സ് രക്ഷാപ്രവർത്തന കേസിലെ അന്വേഷണ അട്ടിമറിയുമായി ബന്ധപ്പെട്ട് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെ എഡിജിപി എം.ആർ. അജിത് കുമാർ നിയമനടപടിക്കൊരുങ്ങുന്നു (ADGP Ajith Kumar CAT Petition). സസ്‌പെൻഷൻ ഉത്തരവ് ചോദ്യം ചെയ്ത് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഹർജി നൽകാനാണ് തീരുമാനം. നടപടിക്രമങ്ങൾ പാലിക്കാതെയാണ് സസ്‌പെൻഷൻ നടപ്പാക്കിയതെന്ന വാദം ഉയർത്തിയാണ് ഹർജി സമർപ്പിക്കുക. ഇതിനായുള്ള നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച ട്രൈബ്യൂണലിനെ സമീപിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഹർജി തയ്യാറാക്കുന്നതിനായി എറണാകുളത്തെ അഭിഭാഷകനുമായി അജിത് കുമാർ ആശയവിനിമയം നടത്തിയതായും വിവരമുണ്ട്.
ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിലെ അന്വേഷണത്തിൽ ഇടപെട്ട് അന്വേഷണം അട്ടിമറിച്ചെന്ന ആരോപണത്തെ തുടർന്നാണ് എം.ആർ. അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്തത്. എന്നാൽ നിയമവിരുദ്ധമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന നിലപാടിലാണ് അദ്ദേഹം. സംഭവവുമായി ബന്ധപ്പെട്ട് ആദ്യ അന്വേഷണസംഘത്തിലുണ്ടായിരുന്ന മൂന്ന് ഡിവൈഎസ്പിമാർക്കും എഡിജിപിയുടെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്‌ഐമാർക്കും എതിരെയും അച്ചടക്ക നടപടി ഉണ്ടാകാനിടയുണ്ടെന്നാണ് സൂചന. ഇവരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുന്നതാണ് സർക്കാർ പരിഗണിക്കുന്നത്.
അതേസമയം, എം.ആർ. അജിത് കുമാറിന് നിലവിൽ സ്ഥാനക്കയറ്റം നൽകേണ്ടതില്ലെന്ന നിലപാടിലേക്കാണ് സർക്കാർ നീങ്ങുന്നത്. ഈ മാസം 31-ന് വിരമിക്കുന്ന ഡിജിപി നിതിൻ അഗർവാളിന്റെ ഒഴിവിലേക്ക് പുതിയ നിയമനം നടത്തുന്നതിലും താത്കാലികമായി തീരുമാനമെടുത്തിട്ടില്ല. അജിത് കുമാറിന്റെ നിയമപോരാട്ടത്തിന്റെ സാധ്യത കണക്കിലെടുത്ത് നിയമോപദേശം തേടിയ ശേഷമാകും അന്തിമ തീരുമാനം കൈക്കൊള്ളുക.
Summary: Suspended ADGP M.R. Ajith Kumar is set to challenge his suspension before the Central Administrative Tribunal, alleging procedural lapses. The Kerala government is also considering disciplinary action against other officers linked to the alleged investigation tampering.


