അഗർത്തല: ത്രിപുരയിലെ സൗത്ത് ത്രിപുര ജില്ലയിൽ ദമ്പതികളെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ദുരൂഹതയുണർത്തുന്നു (Tripura family deaths). വെസ്റ്റ് മുഹുരിപൂർ സ്വദേശികളായ ശങ്കർ ചക്രവർത്തി (65), ഭാര്യ ഛബി ചക്രവർത്തി (49), മകൻ കൃഷ്ണ ചക്രവർത്തി (27) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്.
പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തിരിക്കാമെന്ന സംശയമാണ് ഉയരുന്നത്. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ലെന്നും, പുറത്തുനിന്നുള്ളവരുടെ പങ്കാളിത്തം ഉൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ദമ്പതികളുടെ മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. അതേ മുറിയിൽ കൃഷ്ണ ചക്രവർത്തിയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വിവരമറിഞ്ഞ് ബൈഖോറ, ബെലോണിയ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും സൗത്ത് ത്രിപുര അഡീഷണൽ എസ്.പി ദീപ്തനു ബിശ്വാസ് നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ഫോറൻസിക് വിദഗ്ധരും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും സ്ഥലത്തെത്തി പരിശോധന നടത്തി.
അതേസമയം, പൊലീസ് മുന്നോട്ടുവച്ച കൊലപാതക-ആത്മഹത്യാ സാധ്യത തള്ളി കൃഷ്ണയുടെ സഹോദരൻ മിഥുൻ ചക്രവർത്തി രംഗത്തെത്തി. കൃഷ്ണയുടെ അടുത്തിടെ നടന്ന കോടതി വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങളാകാം സംഭവത്തിന് പിന്നിലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
മിഥുന്റെ വാദമനുസരിച്ച്, കൃഷ്ണ ഇഷ്ടപ്പെട്ട യുവതിയെ കോടതിയുടെ ഇടപെടലിലൂടെ വിവാഹം കഴിച്ചിരുന്നു. കൃഷ്ണയുടെ കുടുംബം വിവാഹം അംഗീകരിച്ചിരുന്നെങ്കിലും യുവതിയുടെ ബന്ധുക്കൾ എതിർപ്പിലായിരുന്നുവെന്നും, സംഭവത്തിൽ അവരുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ ഈ ആരോപണങ്ങളിൽ പൊലീസ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാഫലവും ലഭിച്ചതിന് ശേഷമേ മരണകാരണം ഉൾപ്പെടെയുള്ള സംഭവത്തിന്റെ യഥാർഥ സാഹചര്യം വ്യക്തമാക്കാനാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
Story Summary:
Three members of a family, including a couple and their son, were found dead inside their home in South Tripura. Police are investigating all possible angles, while the deceased son’s brother has alleged that the incident may be linked to a recent court marriage.


