ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ നിലപാട് കടുപ്പിച്ച് കോക്രോച്ച് ജനത പാർട്ടി (സിജെപി) രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും മന്ത്രി രാജിവെച്ചില്ലെങ്കിൽ ഡൽഹിയിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും സംഘടന വ്യക്തമാക്കി. (CJP Nationwide Protest)
നാളെ വൈകീട്ട് ആറുമണിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മെഴുകുതിരി മാർച്ച് സംഘടിപ്പിക്കുമെന്ന് സിജെപി അറിയിച്ചു. കൂടാതെ, അടുത്ത 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് വീണ്ടും ആരംഭിക്കുമെന്നും സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടും ജന്തർ മന്തറിലെ സമരവേദിയിലേക്ക് പ്രതിഷേധക്കാർ എത്തുന്നതായി സിജെപി അവകാശപ്പെട്ടു. അതേസമയം, ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. മറ്റ് ആവശ്യങ്ങൾ പരിഗണിക്കാമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മന്ത്രിയെ മാറ്റുന്നത് കൂടുതൽ പ്രതിഷേധങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്കയും കേന്ദ്രത്തിനുണ്ടെന്നാണ് വിലയിരുത്തൽ.
ഡൽഹിയിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾക്ക് പിന്നാലെ ഡൽഹി പൊലീസ് ആദ്യ ഔദ്യോഗിക വാർത്താസമ്മേളനം ഉടൻ നടത്തുമെന്ന് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും വിശദാംശങ്ങളും പുറത്തുവിടുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, കുട്ടികളുടെ ആശങ്കകൾക്ക് മറുപടി നൽകുകയും പ്രശ്നം ചർച്ചയിലൂടെയും സമവായത്തിലൂടെയും പരിഹരിക്കണമെന്നും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. ജന്തർ മന്തർ മേഖലയിൽ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുള്ളതോടൊപ്പം അധിക ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി ഡൽഹിയിലെ 18 മെട്രോ സ്റ്റേഷനുകൾ ഇന്നും അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
Summary: The CJP has called for a nationwide candlelight march demanding the resignation of Union Education Minister Dharmendra Pradhan. The organisation warned that protests would intensify if the minister is not removed, while the Centre is reportedly unwilling to concede the demand.


