ചെന്നൈ: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെന്നൈയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ നടി സനം ഷെട്ടിക്കെതിരെ പ്രതിഷേധം. പ്രസംഗത്തിനിടെ വിദ്യാർഥികൾ എതിർപ്പ് ഉയർത്തിയതിനെ തുടർന്ന് വേദിയിൽ സംഘർഷാവസ്ഥ രൂപപ്പെടുകയും പിന്നീട് സനം ഷെട്ടിയുടെ കൈയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങിയതായും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. (Sanam Shetty Student Protest Chennai)
ചെന്നൈയിലെ ടി.നഗറിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസിൽ നടന്ന വിദ്യാർഥി ഐക്യദാർഢ്യ പരിപാടിയിലാണ് സംഭവം. പ്രതിഷേധത്തിന് പിന്തുണ അറിയിച്ചുകൊണ്ട് വേദിയിലെത്തിയ സനം ഷെട്ടി, വിദ്യാർഥികൾക്ക് പിന്തുണ നൽകാനാണ് എത്തിയതെന്നും പ്രതിഷേധ വേദിയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നവരാണ് യഥാർഥ “കോമാളികൾ” എന്നും പറഞ്ഞു. തുടർന്ന്, “ഞാൻ ദളപതി വിജയിയുടെ കടുത്ത ആരാധികയാണ്. ഇന്നലെയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടത്” എന്ന പരാമർശം നടത്തിയതോടെയാണ് വേദിയിലുണ്ടായിരുന്ന ചില വിദ്യാർഥികൾ ശക്തമായി പ്രതിഷേധിച്ചത്. ഈ പരാമർശം പ്രതിഷേധവുമായി ബന്ധമില്ലാത്തതാണെന്ന് ആരോപിച്ചാണ് വിദ്യാർഥികൾ മുദ്രാവാക്യം മുഴക്കിയത്.
#SanamShetty:
“I have came here to support students. Those who are doing NEET protest for political purpose are Jokers. I’m fan of #ThalapathyVijay & came here to protest after watching #JanaNayagan FDFS”Protesters asked to stop her speech and grabbed the mic as soon as she…
— AmuthaBharathi (@CinemaWithAB) July 24, 2026
പ്രതിഷേധം ശക്തമായപ്പോഴും സംസാരിക്കാൻ തനിക്ക് അവകാശമുണ്ടെന്നും ഇത് ജനാധിപത്യ രാജ്യമാണെന്നും സനം ഷെട്ടി പ്രതികരിച്ചു. വിദ്യാർഥികൾ സ്വതന്ത്രമായി സംഘടിപ്പിച്ച പ്രതിഷേധത്തിന് പിന്തുണ നൽകാനാണ് താൻ എത്തിയതെന്നും ആരുടെയും നിർദേശപ്രകാരമല്ല വേദിയിലെത്തിയതെന്നും അവർ വ്യക്തമാക്കി.
സംഭവം വഷളായതോടെ വിദ്യാർഥി സംഘടനാ പ്രതിനിധികൾ വേദിയിലെത്തി പ്രസംഗം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഒരാൾ സനം ഷെട്ടിയുടെ കൈയിൽ നിന്ന് മൈക്ക് വാങ്ങാൻ ശ്രമിക്കുകയും പിന്നീട് മറ്റൊരാൾ മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തതായി പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. ഇതോടെ പരിപാടിയിൽ അൽപസമയം സംഘർഷാവസ്ഥ രൂപപ്പെട്ടു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതിനിടെ, പ്രതിഷേധ വേദിയിൽ സിനിമാ-രാഷ്ട്രീയ പരാമർശങ്ങൾ ആവശ്യമായിരുന്നോയെന്ന ചർച്ചയും ശക്തമായിരിക്കുകയാണ്.
Summary: Actress Sanam Shetty faced protests while addressing a student solidarity event in Chennai over the NEET paper leak issue. Students objected to parts of her speech, and videos circulating online appear to show her microphone being taken away during the commotion.


