ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരും എംപിമാരും ഇൻസ്റ്റഗ്രാമിൽ കൂടുതൽ സജീവമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചതിനെ പരിഹസിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ (CJP Abhijeet Dipke PM Modi Remark). നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചാ വിവാദം രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്ന സാഹചര്യത്തിൽ, ഇതാണോ സർക്കാരിന്റെ മുൻഗണനയെന്ന് ദിപ്കെ ചോദിച്ചു.
കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ ഇൻസ്റ്റഗ്രാമിൽ കൂടുതൽ സജീവമാകണമെന്നും, യുവജനങ്ങളുമായി കൂടുതൽ ഫലപ്രദമായി ആശയവിനിമയം നടത്താൻ റീൽസും ലൈവ് സെഷനുകളും ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചതിന് പിന്നാലെയാണ് സിജെപിയുടെ പ്രതികരണം. “ചോദ്യപേപ്പർ ചോർച്ചയ്ക്ക് പ്രധാനമന്ത്രി കണ്ടെത്തിയ പരിഹാരം ഇതാണോ? എല്ലാ മന്ത്രിമാരും ഇൻസ്റ്റഗ്രാമിൽ സജീവമാകണം, റീൽസ് ചെയ്യണം, എക്സിൽ മാത്രം ഒതുങ്ങരുത് എന്നതാണോ ഇപ്പോഴത്തെ സർക്കാരിന്റെ മുൻഗണന?” എന്നാണ് അഭിജീത് ദിപ്കെ പരിഹസിച്ചത്.
പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ ഫോളോവേഴ്സിന്റെ എണ്ണം 102 മില്യണിലെത്തിയതും, ഒറ്റദിവസം കൊണ്ട് ഏകദേശം 10 ലക്ഷം പേർ പുതുതായി പിന്തുടർന്നതും മന്ത്രിസഭാ യോഗത്തിൽ ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടുകളുണ്ട്. യുവതലമുറയിലേക്ക് എത്തിച്ചേരാൻ എക്സിനേക്കാൾ ഇൻസ്റ്റഗ്രാമാണ് കൂടുതൽ ഫലപ്രദമെന്നും വിവരങ്ങൾ റീൽസുകളിലൂടെയും തത്സമയ സംവാദങ്ങളിലൂടെയും അവതരിപ്പിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചതായാണ് വിവരം. ഇതിനിടെ, പ്രധാനമന്ത്രി വീണ്ടും ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ച് പിന്തുണച്ചവർക്കും നിർദേശങ്ങൾ പങ്കുവെച്ചവർക്കും നന്ദി അറിയിച്ചു. ജനങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്ന് അദ്ദേഹം വീഡിയോയിൽ പറഞ്ഞു.
അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിൽ കുറ്റക്കാർക്കെതിരെ കൂടുതൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അതിവേഗ വിചാരണ ഉറപ്പാക്കുന്ന ഭേദഗതി ബിൽ അടുത്ത ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തെക്കുറിച്ച് അദ്ദേഹം വീഡിയോയിൽ പ്രതികരിച്ചിരുന്നില്ല. ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന സിജെപിയും കേന്ദ്രസർക്കാരും തമ്മിലുള്ള നിർണായക ചർച്ച ഇന്ന് നടക്കാനിരിക്കെയാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്കുതർക്കം കൂടുതൽ ശക്തമായിരിക്കുന്നത്.
Summary: CJP founder Abhijeet Dipke mocked Prime Minister Narendra Modi after he reportedly urged Union ministers to become more active on Instagram. Dipke questioned whether social media engagement was the government’s answer to the ongoing paper leak crisis, even as protests continue across the country.


