മുംബൈ: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈയിൽ നടന്ന പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളുമായി പോയ പോലീസ് വാൻ തടഞ്ഞുനിർത്തി നടി റിയ ആഹിർ. ദാദറിലെ കോഹിനൂർ സ്‌ക്വയറിന് സമീപത്ത് വെച്ചായിരുന്നു സംഭവം. കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ പോലീസ് മോചിപ്പിക്കുന്നതുവരെ നടി വാനിന് മുന്നിൽ നിലയുറപ്പിക്കുകയായിരുന്നു.(Actor Riya Ahir Blocks Mumbai Police Van To Free Detained Student Protesters)
വിദ്യാർത്ഥികളുമായി പോവുകയായിരുന്ന പോലീസ് വാഹനം തടഞ്ഞു നിർത്തിയ റിയയോട് വഴിമാറാൻ പോലീസ് ഉദ്യോഗസ്ഥർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല. വിദ്യാർത്ഥികളെ പിന്നീട് മോചിപ്പിക്കുമെന്ന പോലീസിന്റെ വിശദീകരണം തള്ളിയ റിയ, എങ്കിൽ എന്തുകൊണ്ട് ഇപ്പോൾ മോചിപ്പിച്ചുകൂടാ എന്ന നിലപാടിൽ ഉറച്ചുനിന്നു. ഒടുവിൽ പ്രതിഷേധത്തിന് വഴങ്ങി പോലീസ് വിദ്യാർത്ഥികളെ മോചിപ്പിച്ച ശേഷമാണ് നടി വാഹനത്തിന് മുന്നിൽ നിന്ന് മാറിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
മോഡലും നടിയും സംരംഭകയുമായ റിയ ആഹിർ മുൻപും സാമൂഹിക വിഷയങ്ങളിൽ കൃത്യമായ നിലപാടുകൾ തുറന്നുപറഞ്ഞിട്ടുള്ള വ്യക്തിയാണ്. തനിക്ക് ഈ സമര സംഘടനകളുമായി നേരിട്ട് ബന്ധമില്ലെന്നും എന്നാൽ വിദ്യാർത്ഥികൾക്ക് നേരിടേണ്ടിവന്ന അനീതി കണ്ടപ്പോൾ പ്രതികരിക്കാതിരിക്കാൻ സാധിച്ചില്ലെന്നും സംഭവത്തിനുശേഷം റിയ പ്രതികരിച്ചു. അനീതിക്കെതിരെ പോരാടാൻ ജാതിയോ സമുദായമോ പശ്ചാത്തലമോ നോക്കേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Story Summary
Actor and entrepreneur Riya Ahir blocked a Mumbai Police van carrying detained student protesters in Dadar, refusing to move until the authorities released them. The video of her brave standoff went viral on social media, with Riya later stating that one does not need a specific background or community ties to stand against injustice.


