ന്യൂഡൽഹി: 26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ ചർച്ചയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നടത്തിയ നീക്കങ്ങളുടെ വിവരങ്ങൾ പുറത്ത് (Sonam Wangchuk Ends Hunger Strike). കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന നിർണായക യോഗത്തിനും പിന്നാലെയുള്ള രാഷ്ട്രീയ ഇടപെടലുകൾക്കുമൊടുവിലാണ് വാങ്‌ചുക്ക് സമരം അവസാനിപ്പിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വിദ്യാർഥി പ്രതിഷേധം ശക്തമാകുകയും വാങ്‌ചുക്കിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്ക ഉയരുകയും ചെയ്ത സാഹചര്യത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ, പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് എന്നിവരുമായി നാല് മണിക്കൂറിലധികം നീണ്ട ചർച്ച നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. വാങ്‌ചുക്ക് മുന്നോട്ടുവച്ച ആവശ്യങ്ങളിൽ അനുകൂല സമീപനം സ്വീകരിക്കാനും അദ്ദേഹത്തിന്റെ ആരോഗ്യസംരക്ഷണത്തിന് മുൻഗണന നൽകാനുമാണ് യോഗത്തിൽ തീരുമാനമായത്. തുടർന്ന് ഡോ. ജിതേന്ദ്ര സിങ് വാങ്‌ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആംഗ്മോയുമായി ഫോണിൽ സംസാരിച്ച് സർക്കാർ പ്രശ്നപരിഹാരത്തിന് പ്രതിബദ്ധമാണെന്ന് ഉറപ്പുനൽകി. നിരാഹാരം അവസാനിപ്പിക്കാൻ വാങ്‌ചുക്കിനെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. തുടർന്ന് ജെ.പി. നഡ്ഡയും ജിതേന്ദ്ര സിങ്ങും ഗുരുഗ്രാമിലെ മെഡാന്ത ആശുപത്രിയിലെത്തി സർക്കാരിന്റെ ഉറപ്പുകൾ അടങ്ങിയ കത്ത് നേരിട്ട് കൈമാറി.
പ്രതിഷേധവുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രതിനിധികളുമായി വെള്ളിയാഴ്ച നിഷ്പക്ഷ വേദിയിൽ ചർച്ച നടത്തുമെന്നും കേന്ദ്രം അറിയിച്ചു. നേരത്തെ ജെ.പി. നഡ്ഡയുടെ വസതിയിലോ ഓഫീസിലോ ചർച്ച നടത്താമെന്ന കേന്ദ്ര നിർദേശം സിജെപി തള്ളിയിരുന്നു. ജന്തർ മന്തറിലോ അല്ലെങ്കിൽ നിഷ്പക്ഷ വേദിയിലോ മാത്രമേ ചർച്ച നടത്തൂ എന്ന നിലപാടിലായിരുന്നു സംഘടന. സർക്കാർ ഉറപ്പുനൽകിയ പ്രധാന വിഷയങ്ങളിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യാതിരിക്കാനുള്ള അനുകൂല തീരുമാനം, പരീക്ഷാ ചോർച്ചയും വിദ്യാഭ്യാസ പരിഷ്കാരങ്ങളും സംബന്ധിച്ച് പാർലമെന്റിൽ ചർച്ച, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ ആത്മഹത്യകളിലെ ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പരിഗണിക്കൽ എന്നിവ ഉൾപ്പെടുന്നു. ജീവനക്കാരുടെ കാര്യവകുപ്പിന്റെ (DoPT) പരിധിയിൽ പുതിയ ബിൽ അടുത്ത ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്നും മന്ത്രിമാർ വാങ്‌ചുക്കിനെ അറിയിച്ചു.
സർക്കാരിന്റെ ഉറപ്പുകൾ പൊതുവേദിയിൽ വായിച്ചുകേൾപ്പിച്ച ശേഷം സോനം വാങ്‌ചുക്ക് 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ വാങ്‌ചുക്കിന്റെ ആരോഗ്യത്തിനായി ആശംസകൾ നേർന്നു. ഡോക്ടർമാരുടെ നിർദേശങ്ങൾ പാലിച്ച് ആരോഗ്യനില വീണ്ടെടുക്കണമെന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചു.
നിരാഹാരം അവസാനിപ്പിച്ച ശേഷം ലഡാക്കിലേക്ക് മടങ്ങാനാണ് ആഗ്രഹമെന്ന് വാങ്‌ചുക്ക് അറിയിച്ചു. മടങ്ങുന്നതിന് മുമ്പ് സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളുമായും അനുയായികളുമായും കൂടിക്കാഴ്ച നടത്തി സർക്കാർ നൽകിയ ഉറപ്പുകളിൽ വിശ്വാസം പുലർത്താൻ ആവശ്യപ്പെടുമെന്നും സമാധാനപരമായ പ്രക്ഷോഭം തുടരാൻ ആഹ്വാനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Summary: Activist Sonam Wangchuk ended his 26-day hunger strike after the Centre assured action on key demands, following high-level discussions led by Home Minister Amit Shah. The government also agreed to hold talks with CJP representatives at a neutral venue and indicated a positive approach on several protest-related issues.


