തിരുവനന്തപുരം: ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതികരണവുമായി നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ നടൻ മാധവ് സുരേഷ് (Madhav Suresh On Student Protests). പൊലീസ് നടപടികളെയും വിദ്യാർത്ഥി സമരത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന രാഷ്ട്രീയ കക്ഷികളെയും ഒരുപോലെ വിമർശിച്ചാണ് മാധവ് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചത്.
രാജ്യത്തിന്റെ ഭാവിയെ സംരക്ഷിക്കേണ്ട വിദ്യാർത്ഥികൾക്കെതിരെ ബലപ്രയോഗം നടക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മാധവ് പറഞ്ഞു. അതേസമയം, വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ ചില രാഷ്ട്രീയ ശക്തികൾ സ്വന്തം അജണ്ടകൾ മുന്നോട്ട് കൊണ്ടുപോകാൻ ഉപയോഗിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഫലമായി സാധാരണ ജനങ്ങളാണ് എല്ലായ്പ്പോഴും നഷ്ടം അനുഭവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “നമ്മുടെ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് യഥാർത്ഥത്തിൽ ആശങ്കയുണ്ടെങ്കിൽ, ഈ വിഷയത്തെ രാഷ്ട്രീയ യുദ്ധമാക്കി മാറ്റരുത്. ഇന്ത്യയാണ് ആദ്യം, എന്നും,” എന്നാണ് മാധവ് കുറിച്ചത്. സമാധാനപരമായ പരിഹാരമാണ് രാജ്യത്തിന് ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സെലിബ്രിറ്റികൾ ഒരു പ്രതിഷേധത്തെ നിർബന്ധമായും പിന്തുണയ്ക്കണമെന്ന സമ്മർദത്തെയും മാധവ് വിമർശിച്ചു. പ്രതികരിക്കാനുള്ള അവകാശം പോലെ തന്നെ നിശബ്ദത പാലിക്കാനുള്ള അവകാശവും ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
“ഒരു പ്രതിഷേധത്തെ പിന്തുണയ്ക്കാൻ ആളുകളെ നിർബന്ധിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. ഭീഷണിയിലൂടെയോ സമ്മർദത്തിലൂടെയോ അഭിപ്രായ ഐക്യം അടിച്ചേൽപ്പിക്കുന്നത് ഫാസിസത്തിന്റെ വ്യക്തമായ ലക്ഷണമാണ്. പ്രതികരിച്ചാൽ സുഡാപ്പി, പ്രതികരിച്ചില്ലെങ്കിൽ സംഘി എന്ന അവസ്ഥ ശരിയല്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബിജെപിയോടുള്ള എതിർപ്പാണ് ചിലർക്ക് രാജ്യത്തോടുള്ള സ്‌നേഹത്തേക്കാൾ പ്രധാനമെന്ന നിലപാടും അദ്ദേഹം വിമർശിച്ചു. “അവസാനമായി പറയുന്നു, ഞാൻ അരാഷ്ട്രീയവാദിയാണ്. രാജ്യത്തിന്റെ താൽപര്യത്തെ സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്ക് മുകളിലായി വയ്ക്കുന്ന ഒരു പാർട്ടി ഇന്ത്യയിൽ ഉണ്ടാകുന്നതുവരെ എന്റെ നിലപാട് അതുതന്നെയായിരിക്കും,” എന്നും മാധവ് സുരേഷ് കുറിപ്പിൽ വ്യക്തമാക്കി.
മാധവിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ നിലപാടിനെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് പ്രതികരിക്കുന്നത്.
Summary: Actor and minister Suresh Gopi’s son, Madhav Suresh, has sparked online debate with his social media post criticizing the politicization of student protests in Delhi, asserting his stance as apolitical while condemning online pressure that labels silent celebrities as ‘Sanghi’ and those who speak out as ‘Sudappi’.


