ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയ്ക്കെതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് തലസ്ഥാനത്തെ പ്രധാന മെട്രോ സ്റ്റേഷനുകൾ അടച്ചിട്ട സംഭവം സുപ്രീം കോടതിയുടെ പരിഗണനയിൽ. സെൻട്രൽ ഡൽഹിയിലെ സുപ്രീം കോടതി മെട്രോ സ്റ്റേഷൻ ഉൾപ്പെടെ 16 പ്രധാന സ്റ്റേഷനുകൾ അടച്ചിട്ടതോടെ അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും സമയത്തിന് എത്തിയെത്താൻ സാധിക്കുന്നില്ലെന്ന് സുപ്രീം കോർട്ട് ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗ് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തി.(Supreme Court Intervenes On Delhi Metro Station Closure Issue Facing Lawyers And Staff)
വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ തിരിച്ചറിയൽ കാർഡുള്ള അഭിഭാഷകരെയും റെജിസ്ട്രി ജീവനക്കാരെയും സുരക്ഷാ പരിശോധനകൾക്ക് ശേഷം സുപ്രീം കോടതി മെട്രോ സ്റ്റേഷനിലൂടെ പുറത്തിറങ്ങാൻ അനുവദിക്കണമെന്ന നിർദ്ദേശവും വികാസ് സിംഗ് മുന്നോട്ടുവെച്ചു.
വിഷയത്തിൽ മെട്രോ അധികൃതരുമായി സംസാരിക്കാൻ സുപ്രീം കോടതി ഭരണവിഭാഗത്തോട് ഇതിനകം നിർദ്ദേശിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കി. ഉച്ചഭക്ഷണ സമയത്തിനുള്ളിൽ പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ നേരിട്ട് ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പുനൽകി. മെട്രോ അടച്ചതുമൂലം അഭിഭാഷകർക്ക് സമയത്ത് എത്തുവാൻ സാധിക്കാത്തതിനാൽ ഇന്ന് കേസുകളിൽ ഹാജരാകാത്തതിന്റെ പേരിൽ ആർക്കെതിരെയും പ്രതികൂല ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
Story Summary
The closure of 16 Delhi Metro stations amid ongoing student protests reached the Supreme Court as lawyers and court staff faced severe transit delays. Chief Justice of India Surya Kant stated that the administration is in talks with metro authorities and assured personal intervention if the issue is not resolved, while directing that no adverse orders be passed for absent lawyers.


